ദിലീപിനെ പിന്തുണച്ച് വെട്ടിലായ അടൂർ പ്രകാശ് മലക്കംമറിഞ്ഞു: ‘കോടതി​യെ തള്ളിപ്പറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം, അതിജീവിതക്ക് നീതി കിട്ടിയില്ല’

news image
Dec 9, 2025, 7:00 am GMT+0000 payyolionline.in

അടൂർ: നടിയെ ആക്രമിച്ച കേസിൽ കുറ്റമുക്തനായ ദിലീപി​നെ ന്യായീകരിച്ച് വെട്ടിലായ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മലക്കംമറിഞ്ഞു. നേരത്തെ പോളിങ് ബൂത്തിൽനിന്ന് പറഞ്ഞതിന്റെ ചിലഭാഗങ്ങൾ മാത്രം സംപ്രേഷണം ചെയ്തത് കൊണ്ടാണ് ദിലീപിനെ ന്യായീകരിച്ചതായി എല്ലാവർക്കും തോന്നുവാൻ കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘അതിജീവിതക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. നീതിന്യായ കോടതിയിൽനിന്ന് ഒരു വിധി ഉണ്ടാകുമ്പോൾ ആ കോടതി​യെ തള്ളിപ്പറയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് അതിജീവിതക്ക് നീതി കിട്ടിയില്ല എന്ന് ഞാൻ പറഞ്ഞത്.

നീതികിട്ടാനുള്ള പ്രവർത്തനങ്ങൾ നിശ്ചയമായും നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് ഗവൺമെന്റ് ഉരുണ്ടുകളിക്കേണ്ട ആവശ്യമില്ല. ഉരുണ്ടുകളിച്ച് എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാൻ ഇവർ തയാറാക്കിയ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കോൺഗ്രസും യു.ഡി.എഫും അതിജീവിതക്ക് ​ഒപ്പമാണെന്ന് കെ.പി.സി.സി പ്രസിഡന്റും ​യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളും എല്ലാം വ്യക്തമാക്കിയതാണ്. എന്നോട് ചോദിച്ചപ്പോഴും ഞാൻ ഇതുതന്നെയാണ് പറഞ്ഞത്.

ലാവ്‍ലിൻ കേസ് എന്തുകൊണ്ടാണ് ഇങ്ങനെ നീണ്ടുനീണ്ടുപോകുന്നത്? 40ലേറെ തവണ ഇത് നീട്ടിവെച്ചു. അപ്പീൽ പോകുന്നതിലൂ​ടെ സർക്കാർ കള്ളക്കളി നടത്തുകയാണ്. അപ്പീലിലൂ​ടെ അതിജീവിതകൾക്ക് നീതി കിട്ടുന്നുണ്ടോ? ഇപ്പോൾ കുറേ ആളുകളെ ശിക്ഷിച്ചു, ദിലീപിനെ ഒഴിവാക്കി. അതേക്കുറിച്ചുള്ള അഭിപ്രായമാണ് ഞാൻ പറഞ്ഞത്.

അപ്പീൽ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാനാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് വളച്ചൊടിച്ചതാണ്. ഞാൻപറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം നല്ല ബോധ്യമുള്ള കാര്യമാണ്. അതിജീവിതക്ക് ഒപ്പമാണ് എന്നത് ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പീൽ പോകണോ വേ​ണ്ടേ എന്നത് അടൂർ പ്രകാശോ യു.ഡി.എഫോ അല്ല തീരുമാനിക്കുന്നത്. അപ്പീൽ പോകുന്നവർ പോകട്ടെ. ദിലീപുമായി വ്യക്തിപരമായി ബന്ധമുണ്ട്. അങ്ങനെ എല്ലാവർക്കും പലരുമായി ബന്ധം കാണും’ -അടൂർ പ്രകാശ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe