കോഴിക്കോട് ∙ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിൽ യുവതി വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യു.ദീപക് പയ്യന്നൂരിൽ അൽ അമീൻ എന്ന സ്വകാര്യ ബസിലാണ് കയറിയതെന്നതിൽ സ്ഥിരീകരണമായി. ബസിന്റെ ഡ്രൈവർ ക്യാബിനു സമീപമുള്ള സിസിടിവിയിലാണ് ദീപക് വെള്ളിയാഴ്ച ബസിലേക്ക് കയറുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. വലിയ തിരക്കുണ്ടായിരുന്ന ബസിൽ മുൻവാതിലിലൂടെ കയറി പിൻഭാഗത്തേക്കു പോയ ദീപക്കിന്റെ മറ്റു ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.
വെള്ളിയാഴ്ച ഈ ബസിലെ യാത്രയ്ക്കിടയിലാണ് ദീപക് അപമര്യാദയായി പെരുമാറിയെന്നു കാട്ടി യാത്രക്കാരിയായ ഷിംജിത വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ ഉൾപ്പെടുത്തിയത്. മറ്റൊരു യുവതിയോടും ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഷിംജിത വിഡിയോയിൽ വെളിപ്പെടുത്തിയത്. ദീപക് ബസിൽ കയറുന്നതിന് ഒരു മിനിറ്റോളം മുൻപാണ് ഷിംജിതയും ഇതിൽ കയറുന്നത്. ബസിൽ അന്നു യാത്ര ചെയ്തവരുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തുമെന്നാണ് വിവരം.
