ദീപാവലി ദിനത്തിൽ ശ്വാസം മുട്ടി ദില്ലി: വായു മലിനീകരണം രൂക്ഷം; 38 നിരീക്ഷണ സ്റ്റേഷനുകളിൽ 34 എണ്ണം ‘റെഡ് സോണിൽ’

news image
Oct 20, 2025, 5:11 pm GMT+0000 payyolionline.in

ദീപാവലി ദിനം അവസാനിക്കാറാകുമ്പോൾ രാജ്യ തലസ്ഥാനമായ ദില്ലിയിൽ വായു മലിനീകരണം രൂക്ഷം. 38 നിരീക്ഷണ കേന്ദ്രങ്ങളിൽ 34 എണ്ണവും ‘റെഡ് സോണി’ലാണ്. ഞായറാഴ്ച രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചികയായ 326 ഇൽ നിന്നും 345 ലേക്ക് വായുഗുണനിലവാരം ഇടിഞ്ഞു താഴ്ന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) വികസിപ്പിച്ചെടുത്ത സമീർ ആപ്പിലെ ഡാറ്റ അനുസരിച്ച് നാലിടങ്ങളിൽ ഗുണനിലവാരം 400 ലേക്ക് താ‍ഴ്ന്നിട്ടുണ്ട്.

ദ്വാരക (417), അശോക് വിഹാർ (404), വസീർപൂർ (423), ആനന്ദ് വിഹാർ (404) എന്നീ സ്ഥലങ്ങളിലാണ് എ ക്യു ഐ ലെവൽ നാനൂറിനും താ‍ഴെയായത്. അതീവഗുരുതരമാണ് ഇവിടത്തെ സ്ഥിതി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വായുവിന്റെ ഗുണനിലവാരം കൂടുതൽ താ‍ഴേക്ക് പോകുമെന്നാണ് കരുതുന്നത്.

ദീപാവലി തലേന്ന്, ഡൽഹി-എൻ‌സി‌ആറിൽ രാവിലെ 6 മുതൽ വൈകുന്നേരം 7 വരെയും വീണ്ടും രാത്രി 8 മുതൽ രാത്രി 10 വരെയും ഹരിത പടക്കങ്ങൾ വിൽക്കാനും പൊട്ടിക്കാനും സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ നിരോധനങ്ങൾ കാറ്റിൽ പറത്തി പലയിടങ്ങളിലും അനധികൃത പടക്ക വില്പന നടന്നിരുന്നു.

0 നും 50 നും ഇടയിലുള്ള എ ക്യു ഐ ലെവൽ ‘നല്ലത്’, 51 നും 100 നും ഇടയിലുള്ള ‘തൃപ്തികരം’, 101 നും 200 നും ‘മിതമായത്’, 201 നും 300 നും ‘മോശം’, 301 നും 400 നും ‘വളരെ മോശം’, 401 നും 500 നും ‘ഗുരുതരം’ എന്നിങ്ങനെയാണ് സിപിസിബി വായുഗുണനിലവാരം തരംതിരിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe