തിരുവനന്തപുരം: കേരള ഹൗസ് വളപ്പിൽ വെച്ച് മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം നടത്തിയ അഭിഭാഷക ദീപ ജോസഫിനെതിരെ കേരള പത്ര പ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ). മാധ്യമ പ്രവർത്തകരുടെ ജോലി തടസപ്പെടുത്തിയതും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതും അംഗീകരിക്കാനാകില്ലെന്ന് കെയുഡബ്ല്യുജെ പറഞ്ഞു. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും കെയുഡബ്ല്യുജെ അറിയിച്ചു. റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ വൈ എസ് അഭിനന്ദിനെയും കൈരളി ടിവി മാധ്യമ പ്രവർത്തക ഫെമിനയെയുമാണ് ദീപ ജോസഫ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് കേരള ഹൗസിൽ മുഖ്യമന്ത്രി വി ഡി സതീശനെ കാണാനെത്തിയ അഭിഭാഷക ദീപ ജോസഫ് മാധ്യമപ്രവർത്തകരെ തടഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്. ദീപ ജോസഫിന്റെ സന്ദർശനത്തെക്കുറിച്ചും കേസിനെ കുറിച്ചും തത്സമയം വാർത്ത നൽകിക്കൊണ്ടിരുന്ന കൈരളി ടിവിയുടെ മാധ്യമപ്രവർത്തകയോടായിരുന്നു ദീപ ജോസഫ് ആദ്യം കയർത്തതും തട്ടിക്കയറിയതും. അതിനിടെയാണ് വിഷയത്തിൽ ഇടപെട്ട റിപ്പോർട്ടർ പ്രതിനിധിയോടും ദീപ ജോസഫ് തട്ടിക്കയറിയത്.
‘എന്റെ അനുവാദമില്ലാതെ എന്നെ കുറിച്ച് മോശമായി വാർത്ത കൊടുക്കാൻ പറ്റില്ല. മുഖ്യമന്ത്രിയെ ഞാൻ സ്വീകരിക്കുന്നു എന്ന വാർത്ത നൽകാം. അല്ലെങ്കിൽ ഞാൻ കേസ് ഫയൽ ചെയ്യും. എന്റെ പിറകെ നടന്ന് വാർത്ത ഉണ്ടാക്കേണ്ട. റിപ്പോർട്ടർ ചാനലിനോടും കൈരളിയോടും സംസാരിക്കാൻ താൽപര്യമില്ല. റിപ്പോർട്ടർ ഒന്ന് മാറി നിൽക്ക്’, എന്നായിരുന്നു ദീപ പറഞ്ഞത്. ഇതിനിടെ അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
