നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാൻ ശ്രമിച്ചു; പൊലീസുകാരൻ പിടിയിൽ

news image
Apr 30, 2026, 7:48 am GMT+0000 payyolionline.in

കൊല്ലം: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കെഎപി അടൂർ ബറ്റാലിയനെ സിവിൽ പൊലീസ് ഓഫീസർ ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രൻ(29) ആണ് അറസ്റ്റിലായത്.

പെൺകുട്ടി പ്രായപൂർത്തിയാകും മുൻപെടുത്ത ചിത്രങ്ങൾ പെൺകുട്ടിയുടെ മാതാവിന്റെ ഫോണിൽ നിന്നാണ് അവിനാഷ് തന്റെ ഫോണിലേക്ക് പകർത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കി, ഇവ പ്രചരിപ്പിച്ച ശേഷം ഈ ചിത്രങ്ങൾ മാതാവിന്റെ ഫോണിലേക്കും വാട്‌സാപ്പിലൂടെ അയച്ചു. ചിത്രങ്ങൾ അജ്ഞാതൻ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്നും താൻ ഇവരോട് സംസാരിച്ചതായും 15 പവൻ സ്വർണാഭരണങ്ങൾ നൽകിയാൽ ഇത് തടയാൻ കഴിയുമെന്നും അല്ലാത്തപക്ഷം നഗ്നചിത്രങ്ങൾ അടക്കം പുറത്തു വരുമെന്നും അവിനാഷ് പെൺകുട്ടിയുടെ കുടുംബത്തോട് പറഞ്ഞെന്നും പൊലീസ് പറഞ്ഞു.

സംശയം തോന്നിയ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതെതുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു. ജോലിയിൽ നിന്ന് ഏറെനാളായി വിട്ടുനിൽക്കുന്ന അവിനാഷിനെ പൊലീസ് സേനയിൽ നിന്നു നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe