തിരുവനന്തപുരം: രാജ്യത്തെ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ (2026-27) ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ 14 ജില്ലകളിലെ നവോദയ സ്കൂളുകളിലും പ്രവേശനം ലഭിക്കും. അപേക്ഷ നൽകാനുള്ള സമയം ജൂലൈ 29 വരെയാണ്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരാകണം അപേക്ഷകർ. അംഗീകൃത ഓപ്പൺ സ്കൂളുകാർ പ്രവേശന സമയത്ത് ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തേ അഞ്ചാം ക്ലാസ് വിജയിച്ചവർ അപേക്ഷിക്കേണ്ടതില്ല. സ്കൂളിൽ താമസിച്ചുപഠിക്കണം. പഠനം സിബിഎസ്ഇ സിലബസിലാണ്.
8വരെ മലയാളം മീഡിയം. തുടർന്ന് മാത്സും സയൻസും ഇംഗ്ലിഷിലും സോഷ്യൽ സയൻസ് ഹിന്ദിയിലും പഠിക്കണം. അപേക്ഷകരുടെ ജനന തീയതി 2014 മേയ് 1 നും 2016 ജൂലൈ 31നും ഇടയിൽ ആയിരിക്കണം. അപേക്ഷഫീസ് നൽകേണ്ടതില്ല. 9 മുതൽ 12വരെയുള്ള ക്ലാസുകളിൽ എത്തിയാൽ മാത്രം പ്രതിമാസ ഫീസ് (600 രൂപ) നൽകണം. ദാരിദ്രരേഖയ്ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് ഫീസ് വേണ്ട. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിസംബർ 13ന് രാവിലെ 11.30 നാണ് പ്രവേശന പരീക്ഷ. ഒഎംആർ രീതിയിൽ 2 മണിക്കൂറാണ് പരീക്ഷ.
അപേക്ഷ ഫോമിനും പ്രോസ്പെക്ടസിനും http://navodaya.gov.in സന്ദർശിക്കുക. ഓരോ ജില്ലയിലെ സ്കൂളിലും സൗജന്യ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            