നാട്ടിലേക്ക് മടങ്ങാനൊരുങ്ങി, വഴിതെറ്റി അട്ടപ്പള്ളത്ത് എത്തി; ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട രാമനാരായൺ 2 കുട്ടികളുടെ അച്ഛൻ

news image
Dec 19, 2025, 9:38 am GMT+0000 payyolionline.in

പാലക്കാട്/തൃശൂർ∙ പാലക്കാട്ടെ അട്ടപ്പള്ളത്തു മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം വിചാരണ നടത്തി കൊലപ്പെടുത്തിയ ഛത്തീസ്ഗ‍ഡ് സ്വദേശി മോഷ്ടാവല്ലെന്ന് കുടുംബം. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാറിന്റെ മരണവിവരം അറിഞ്ഞെത്തിയ ബന്ധു ശശികാന്ത് ബഗേലാണ് കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്. തൊഴിൽ തേടി പാലക്കാട്ടേക്ക് എത്തിയ രാമനാരായൺ രണ്ടു കുട്ടികളുടെ അച്ഛനാണെന്നും മദ്യപിക്കുന്ന ശീലമൊഴിച്ചാൽ ഇയാൾ നാട്ടിൽ പ്രശ്നക്കാരനല്ലെന്നുമാണ് ബന്ധു മാധ്യമങ്ങളോടു പറഞ്ഞത്.കെട്ടിട നിർമാണ തൊഴിൽ തേടിയാണ് രാമനാരായൺ കേരളത്തിലെത്തിയത്. എന്നാൽ ഇവിടെ പണിയെടുക്കാൻ താൽപര്യം നഷ്ടമായതിനെ തുടർന്നു തിരികെ വരാൻ ഒരുങ്ങിയെന്നും വഴിതെറ്റിയാണ് അട്ടപ്പള്ളത്തു എത്തിയതെന്നും ബന്ധു അറിയിച്ചു. നാട്ടിൽ ഒരു കേസിലും രാമനാരായൺ പ്രതിയല്ല, ഒപ്പം മാനസികമായ വെല്ലുവിളികളും നേരിടുന്നില്ല. എട്ടും പത്തും വയസ്സുള്ള രണ്ടു കുട്ടികളാണ് ഇയാൾക്കുള്ളത്അതിഥിത്തൊഴിലാളിയെ ക്രൂരമായി മർദനമേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേരെ പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്. മർദിക്കുന്ന വിഡിയോയിൽനിന്നും തിരിച്ചറിഞ്ഞ അട്ടപ്പള്ളം സ്വദേശികളായ പത്തുപേരെ കഴിഞ്ഞദിവസം വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച വൈകിട്ടാണ് രാമനാരായൺ ഭയ്യാറിനു നാട്ടുകാരുടെ മർദനമേറ്റത്. തുടർന്നു ചോരയൊലിപ്പിച്ച് നാല് മണിക്കൂറോളം തെരുവിൽ കിടന്നതിനു ശേഷമാണ് നാട്ടുകാർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് മരണം സംഭവിച്ചത്. ഇന്ന് തൃശൂരിൽ നടക്കുന്ന പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷമേ യഥാർഥ മരണകാരണം വ്യക്തമാവുകയുള്ളു. പൊലീസ് പരിശോധനയിൽ ശരീരമാസകലം വടി കൊണ്ടുള്ള മർദനത്തിന്റെ പാടുകൾ കണ്ടെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe