നാല് ചുമരുകൾക്കുള്ളിൽ നിന്ന് കടൽക്കാഴ്ചകളിലേക്ക്; കുമരംപുത്തൂരിലെ സാന്ത്വന രോഗികൾക്ക് കാപ്പാട് ആവേശോജ്ജ്വല സ്വീകരണം

news image
Apr 17, 2026, 2:10 pm GMT+0000 payyolionline.in

ചേമഞ്ചേരി: നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ജീവിതങ്ങൾക്ക് കടൽക്കാഴ്ചകളുടെ നവോന്മേഷം പകർന്ന് കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിന്റെ സാന്ത്വനയാത്ര. പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയർ പദ്ധതിയിലെ രോഗികൾക്കും സന്നദ്ധ പ്രവർത്തകർക്കുമാണ് കാപ്പാട് ബീച്ചിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകിയത്.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളാണ് കുമരംപുത്തൂരിൽ നിന്നുള്ള സംഘത്തെ വരവേറ്റത്. കിടപ്പുരോഗികളും മാറാരോഗം ബാധിച്ചവരും ഉൾപ്പെടെയുള്ളവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാൻ ഊർജ്ജം നൽകുന്നതായിരുന്നു ഈ വിനോദയാത്ര. വീൽചെയറിൽ ജീവിതം നയിക്കുന്ന 20 പേർ ഉൾപ്പെടെ 70 രോഗികളും അവരുടെ കുടുംബാംഗങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്.

ബേപ്പൂരിലെ ബോട്ട് യാത്രയ്ക്ക് ശേഷമാണ് സംഘം കാപ്പാട് കടൽതീരത്തെത്തിയത്. ചടങ്ങിൽ കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സ്മിത, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സുരേഷ് കുമാർ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീനിവാസൻ, വി.ടി. വിനോദ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe