‘നിങ്ങൾ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാൻ എന്റെ വഴിക്ക് നടക്കാം’; കോൺഗ്രസിനോട് ഗുഡ്‌ബൈ പറഞ്ഞ് സുധാകരൻ

news image
Mar 19, 2026, 5:16 am GMT+0000 payyolionline.in

കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ പാർട്ടിയോട് ഗുഡ് ബൈ പറഞ്ഞ് കെ സുധാകരൻ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അദ്ദേഹം ഫോണിൽ വിളിച്ചു. ‘നിങ്ങൾ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാൻ എന്റെ വഴിക്ക് നടക്കാം’, എന്നാണ് കെ സുധാകരൻ അറിയിച്ചത്.

കണ്ണൂരിൽ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിക്ക് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതാക്കളും സുധാകരനെ സമീപിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുമായി കെ സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്നവർ സംസാരിച്ചു. എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനാണ് കെ സുധാകരന്റെ നീക്കം.

നിലവിലെ കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥിയോട് മത്സരത്തിൽ നിന്നും പിന്മാറാനുള്ള സന്നദ്ധത ബിജെപി നേതാക്കൾ തേടിയിട്ടുണ്ട്. സി രഘുനാഥുമായി ബിജെപി സംസ്ഥാന – ദേശീയ നേതാക്കൾ സംസാരിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിനെതിരെ സുധാകരൻ അനുയായികളുടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പേരാവൂരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. ‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങൾ’ എന്നായിരുന്നു പോസ്റ്ററിലെ വാക്കുകൾ. പേരാവൂർ മണ്ഡലത്തിലെ അയ്യൻകുന്നിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂർ ഡിസിസി പരിസരത്തേക്ക് കെ സുധാകരൻ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. ‘കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു സുധാകരൻ അനുകൂലികളുടെ പ്രകടനം.

പറഞ്ഞ വാക്ക് നേതൃത്വം പാലിച്ചില്ലെന്നാണ് സുധാകരൻ അനുകൂലികളുടെ വികാരം. പേരാവൂരിലും നിലപാട് കടുപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. സണ്ണി ജോസഫിനെതിരെയും വിമത സ്ഥാനാർത്ഥിയെ രംഗത്തിറക്കിയേക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe