നിതിന്റെ മരണത്തിൽ പ്രതിഷേധം ശക്തം; വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച് ഡിവൈഎഫ്ഐ

news image
Apr 16, 2026, 8:44 am GMT+0000 payyolionline.in

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ആത്മഹത്യ ചെയ്ത നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം ശക്തം. പ്രതിയായ വകുപ്പ് മേധാവി ഡോ. റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂർ എടക്കാടുള്ള ദന്തൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച് നടത്തി. റാമിന്റെ ക്ലിനിക്കിന്റെ ബോർഡ് വലിച്ച് കീറി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പോസ്റ്ററും ഒട്ടിച്ചു. അതേസമയം അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കും. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പതാക ഉയർത്തിയാണ് സംഘടന രൂപീകരിക്കുന്നത്.

ഡെന്റൽ കോളേജിലേക്ക് പട്ടികജാതി ക്ഷേമസമിതി പ്രതിഷേധം നടത്തി. നിതിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ പരാതികൾ ശേഖരിച്ച് വരികയാണ്. പ്രത്യേക മെയിൽ ഐ ഡി ഉപയോഗിച്ചാണ് പരാതികൾ ശേഖരിക്കുന്നത്. ഇതുവരെ 150 ലേറെ പരാതികളാണ് അധ്യാപകർക്കെതിരെ ലഭിച്ചത്. ഡോ റാം ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെയാണ് പരാതികൾ ലഭിച്ചത്.

റാമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധവും സംഘടിപ്പിച്ചു. പ്രകടനമായി കോളേജിലേക്ക് എത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോളേജിൽ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണം എന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.

വൈറ്റ് കോട്ട് അഴിച്ചുള്ള പ്രതിഷേധമാണ് വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്നത്. ‘അച്ഛന്റെയും അമ്മയുടെയും വിയർപ്പാണ് ഈ കോട്ട്. ആദ്യം ഇതിൽ കണ്ണീർ പൊടിഞ്ഞു. പിന്നീട് ചോര പൊടിഞ്ഞു’, എന്ന മുദ്രാവാക്യം ഉയർത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നത്.

കോളേജിൽ പിടിഎ പ്രവർത്തിക്കുന്നതായി അറിയില്ലെന്ന് രക്ഷിതാക്കളും പ്രതികരിച്ചു. രക്ഷിതാക്കളെ വ്യക്തിപരമായി വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും പിടിഎ ജനറൽബോഡിയോ മറ്റ് യോഗങ്ങളോ കോളേജിൽ വിളിക്കാറില്ലെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.

പിടിഎ ഭാരവാഹികൾ ആരാണെന്ന് അറിയില്ലെന്നും രക്ഷിതാക്കൾ വ്യക്തമാക്കി. എല്ലാം കടലാസിൽ മാത്രം ഒതുങ്ങുന്ന സംവിധാനമാണ് ഇവിടെയുള്ളതെന്നും രക്ഷിതാക്കൾ പറഞ്ഞു. നിലവിൽ റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി അന്വേഷണ സമിതിക്ക് പരാതി നൽകാനിരിക്കുകയാണ് രക്ഷിതാക്കൾ. നിതിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. റാമിനെതിരെ മുൻപും പരാതികൾ ഉണ്ടായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.

അതേസമയം കേസ് ലോൺ വിഷയത്തിൽ ഒതുക്കാൻ ശ്രമം നടക്കുകയാണെന്ന് നിതിൻ രാജിന്റെ അച്ഛൻ രാജൻ പ്രതികരിച്ചു. നിതിൻ മരിച്ചത് ലോൺ ആപ്പിന്റെ പേരിലാണെന്നാണ് എസ് പി പറയുന്നത്. ടോർച്ചർ ചെയ്താണ് അവനെ മരണത്തിലേക്ക് തള്ളി വിട്ടതെന്ന് രാജൻ കൂട്ടിച്ചേർത്തു. പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും രാജൻ പറഞ്ഞു.

‘എസ്പിയുടെ പ്രതികരണം വേദനിപ്പിച്ചു. സിദ്ധാർത്ഥിന്റെയും രോഹിത് വെമുലയുടെ കേസ് പോലെ ഇതും ഒതുക്കി തീർക്കാൻ ശ്രമം നടന്നു. ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾ ലോൺ എടുത്താണ് പഠിക്കുന്നത്. ഞങ്ങൾ കൂലിപ്പണിക്കാരാണ്. എല്ലാ ദിവസവും ജോലിയുണ്ടായെന്നു വരില്ല. ലോൺ ആപ്പിലോ മൈക്രോഫിനാൻസിലോ ലോണെടുത്ത് പഠിക്കേണ്ടിവരും. എസ്പി ഇക്കാര്യങ്ങളൊക്കെ മനസ്സിലാക്കണം. അവന്റെ അമ്മ രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു. അങ്ങനെ ഒന്ന് രണ്ട് തവണ ലോൺ മുടങ്ങിയിട്ടുണ്ട്. മാനേജ്‌മെന്റിനെ സംരക്ഷിക്കാനാണ് ശ്രമം’, രാജൻ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe