കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. എസിപി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഗീതയുടെ മൊഴിയെടുത്തു.
കഴിഞ്ഞ ദിവസം കോടതി സംഗീതയ്ക്ക് മുൻകൂർജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് പ്രതി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.
സംഗീത നമ്പ്യാർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു മുൻകൂർ ജാമ്യവിധിയിൽ പറഞ്ഞിരുന്നത്. നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തള്ളുകയും ചെയ്തിരുന്നു. ഒന്നാം പ്രതിയായ റാമിന്റെ വാദങ്ങൾ തള്ളിയ കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു.
തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ, 2026 ഏപ്രിൽ 10-നാണ് ആത്മഹത്യ ചെയ്തത്.
ജാതിയുടെയും നിറത്തിന്റെയും പേരിൽ ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം കോടതിയിൽ ഉന്നയിച്ചു. അധിക്ഷേപിച്ചവരുടെ ഫോട്ടോകൾ നിതിൻ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നുവെന്നും, ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുടുംബത്തിന്റെ അറിവോടെ പരിഹരിക്കപ്പെട്ടതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം.
