നിയമസഭാ തെരഞ്ഞെടുപ്പ്: സോഷ്യൽ മീഡിയ നിരീക്ഷണത്തിലാണ്; ഇതുവരെ 12 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

news image
Mar 24, 2026, 5:05 am GMT+0000 payyolionline.in

തിരുവനന്തപുരം: നിയസമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമ നിരീക്ഷണം കർശനമാക്കി പൊലീസ്. ഇതുവരെ 12 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. സൈബർ ആസ്ഥാനത്തും വിവിധ സ്റ്റേഷനുകളിലുമായാണ് കേസെടുത്തത്. അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ 299 പോസ്റ്റുകളാണ് പൊലീസ് കണ്ടെത്തിയത്.

സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും സൈബർ ഓപ്പറേഷൻസ് വിഭാഗം 267 പോസ്റ്റുകളാണ് നീക്കം ചെയ്തത്. 108 അംഗ സംഘത്തെയാണ് നിരീക്ഷണത്തിന് ഏർപ്പെടുത്തിയത്. അക്കൗണ്ടുകൾ നിരീക്ഷിക്കാൻ 16 അംഗ കണ്ട്രോൾ റൂമും സജ്ജമാക്കി. സൈബർ ഓപ്പറേഷൻസ് എഡിജിപിക്കാണ് മേൽനോട്ടച്ചുമതല.സംസ്ഥാനത്ത് ഏപ്രിൽ ഒൻപതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. മാർച്ച് 24ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് പതിനഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറ് പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്.
കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23നും രണ്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണൽ നടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe