നീറ്റ് ചോദ്യക്കടലാസ്‌ ചോർച്ച: എസ്.എഫ്.ഐ. ആദായനികുതി ഓഫീസിലേക്ക് മാർച്ച് നടത്തി

news image
May 14, 2026, 4:07 am GMT+0000 payyolionline.in

കോഴിക്കോട് : നീറ്റ് പരീക്ഷ ചോദ്യക്കടലാസ്‌ ചോർച്ചയിൽ സമഗ്രാന്വേഷണം നടത്തുക, കുറ്റവാളികൾക്കെതിരേ കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആദായനികുതി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

വിദ്യാർഥികൾ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോൾ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. രാവിലെ 10.30 മുതൽ 12.40 വരെ ആദായനികുതിഓഫീസിനുമുന്നിലുള്ള റോഡിൽ പോലീസ്, ഗതാഗതം നിരോധിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ മാനാഞ്ചിറ ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നിലൂടെ വഴിതിരിച്ചുവിട്ടു. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം പി. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത് അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം കെ.സി. ഫർഹാൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അശ്വന്ത് ചന്ദ്ര, പി. സ്വരാഗ്, ജില്ലാ സെക്രട്ടറി ടി.പി. അമൽരാജ്, സെക്രട്ടേറിയറ്റ് അംഗം എം.എം. സിയാന എന്നിവർ സംസാരിച്ചു.ടൗൺ അസിസ്റ്റന്റ് കമ്മിഷണർ കെ.വി. പ്രമോദന്റെ നേതൃത്വത്തിൽ സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹമുണ്ടായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe