നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വർണം മലപ്പുറത്ത്‌ പിടികൂടി

news image
Feb 1, 2023, 11:56 am GMT+0000 payyolionline.in

മലപ്പുറം: ദോഹയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറം പൊലീസ് അരീകോട് വച്ച് പിടികൂടി. സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനെയും കള്ളക്കടത്ത് സ്വര്‍ണം സ്വീകരിച്ച് കൊണ്ടുവന്ന മറ്റ് മൂന്ന് പേരെയും സഞ്ചരിച്ച കാറും കാരിയര്‍ക്ക് നല്‍കാനായി കാറില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ദോഹയില്‍ നിന്നും നെടുമ്പാശേരി  വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ് (56), സ്വര്‍ണ്ണം കൈപ്പറ്റിയ കോഴിക്കോട് താമരശ്ശേരി സ്വദേശികളായ മിദ്‌ലാജ്(23), നിഷാദ്(36), ഫാസില്‍ (40) എന്നിവരാണ് 1063 ഗ്രാം സ്വര്‍ണം സഹിതം പൊലീസ് പിടിയിലായത്.

1063 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്റഫ് കടത്തിയത്. കടത്ത് സ്വര്‍ണ്ണം കൈപ്പറ്റി അഷ്റഫിനേയും കുടുംബത്തേയും കാറില്‍ കയറ്റി കൊടുവള്ളിയിലേക്ക് പോകുംവഴിയാണ് ഇവര്‍ പൊലീസ് പിടിയിലായത്. അഭ്യന്തര വിപണിയില്‍ 63 ലക്ഷം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

പുലര്‍ച്ചെ 06.30 ന്‌ ദോഹയില്‍  നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ്  (IX 416) ഇയാള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 08.30 ന്‌ വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ അഷ്റഫില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങി കൊടുവള്ളിയിലേക്ക് പോകുന്നുണ്ടെന്നുള്ള രഹസ്യ വിവരം മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്  ദാസ് ഐപിഎസിന് ലഭിച്ചതിന്റെ  അടിസ്ഥാനത്തിലാണ് അരീകോട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe