‘നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം നി‍‍ർത്തുന്നത് അർഹതയില്ലാത്തവർക്ക് കിട്ടുന്നത് ഒഴിവാക്കാൻ’; സർക്കാ‍ർ വിശദീകരണം

news image
Aug 7, 2026, 1:54 pm GMT+0000 payyolionline.in

തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണവുമായി സർക്കാർ. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുവെന്നും പോർട്ടലിൽ വിവരങ്ങൾ നൽകുന്നതിൽ പൊരുത്തക്കേടുകളുണ്ടെന്നുമാണ് സർക്കാരിന്റെ വിശദീകരണം. അർഹതയില്ലാത്തവർ, ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കാനാണ് നടപടി. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തിൽ പറയുന്നു.
ഇന്നലെയാണ് സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ലെന്ന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും ലഭിക്കുക. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിൽ ചെലവ് കൂടുതലാണെന്നും ഉത്തരവിലുണ്ട്. ഇനി വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും.

വിതരണം ചെയ്യാതെ ശേഷിക്കുന്ന പെൻഷൻ തുകകൾ സമയബന്ധിതമായി സർക്കാരിന് തിരിച്ചടയ്ക്കുന്നതിലുള്ള കാലതാമസം, സേവന പോർട്ടലിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ യഥാസമയം നടത്തുന്നതിലെ വീഴ്ച, അതുവഴി ഉണ്ടാകുന്ന Reconciliation സംബന്ധമായ ബുദ്ധിമുട്ടുകൾ, ആധാർ അധിഷ്ഠിത പെൻഷൻ വിതരണം പൂർണമായി നടപ്പിലാക്കാത്തതിനാൽ അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയും പെൻഷൻ വിതരണം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നത്, പെൻഷൻ വീടുകളിലെത്തി വിതരണം ചെയ്യുന്നതിനായി സഹകരണ സംഘങ്ങൾക്ക് ഇൻസെൻറീവ് ഇനത്തിൽ വരുന്ന ചെലവ്, വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതി തുടരുന്നതിലൂടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫ‍ർ സംബന്ധിച്ച കേന്ദ്ര മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ, സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്ന സാഹചര്യം എന്നിവ പരിഗണിച്ചാണ് തീരുമാനം എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ സാധിക്കാത്ത ഗുണഭോക്താക്കൾക്കും ഒഴിച്ച് ബാക്കിയെല്ലാ ഗുണഭോക്താക്കൾക്കും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫ‍ർ സിസ്റ്റം വഴിയുള്ള പെൻഷൻ വിതരണം നിർബന്ധമാക്കണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് നൽകിയ കത്ത് പരി​ഗണിച്ചാണ് തീരുമാനമെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പൂർണ്ണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾ ഒഴികെയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫ‍ർ ആയി അവരവരുടെ ആധാർ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകൾ മുഖേന അനുവദിക്കുന്നത് തത്ത്വത്തിൽ അംഗീകരിച്ച് ഉത്തരവ് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

അതേസമയം, നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി നിർത്തലാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തെ അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe