കോഴിക്കോട്: നാമനിർദേശ പത്രികയിലെ സാങ്കേതിക പിഴവ് കോഴിക്കോട് സൗത്ത് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി. രനീഷിനെയും ബി.ജെ.പി നേതാക്കളെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി. പത്രിക നോട്ടറി സാക്ഷ്യപ്പെടുത്തിയതിലെ അപാകതയാണ് അവസാന നിമിഷം തിരിച്ചടിയായത്. പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് പിഴവ് തിരുത്തി സ്ഥാനാർത്ഥിക്ക് പത്രിക സമർപ്പിക്കാനായത്.
രാവിലെ 12 മണിയോടെ വലിയൊരു ജനവിഭാഗത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് സ്ഥാനാർത്ഥിയും ബി.ജെ.പി നേതാക്കളും പത്രിക സമർപ്പിക്കാനെത്തിയത്. മഹാരാഷ്ട്രയിലെ ഹഡപ്സാർ എം.എൽ.എ യോഗേഷ് തിലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, പത്രിക നോട്ടറൈസ് ചെയ്ത രീതി ശരിയല്ലെന്ന് വരണാധികാരിയായ കെ. സജിത്കുമാർ വ്യക്തമാക്കിയതോടെ ആവേശം ആശങ്കയ്ക്ക് വഴിമാറി.
തുടർന്ന് നോട്ടറിയുടെ അടുത്തെത്തി പത്രികയിൽ വീണ്ടും സാക്ഷ്യപ്പെടുത്തൽ നടത്തി ഉച്ചയ്ക്ക് 2.15-ഓടെയാണ് സ്ഥാനാർത്ഥി മടങ്ങിയെത്തിയത്. പത്രിക സമർപ്പിക്കാനുള്ള സമയം മൂന്ന് മണിക്ക് അവസാനിക്കുമെന്നതിനാൽ നേതാക്കൾ ഏറെ നേരമായി വ്യവസായ കേന്ദ്രം ഓഫീസിന് മുന്നിൽ കാത്തിരിപ്പിലായിരുന്നു. ഒടുവിൽ 2.45-ന് മറ്റൊരു സെറ്റ് പത്രിക കൂടി സമർപ്പിച്ചതോടെയാണ് അനിശ്ചിതത്വത്തിന് വിരാമമായത്. എൻ.ഡി.എ നേതാക്കളായ ബി.കെ. പ്രേമൻ, ടി.ജി. ബാലൻ, കെ. അജിത്കുമാർ തുടങ്ങിയവരും പത്രികാ സമർപ്പണ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
