പയ്യോളി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ മേഖല സമ്മേളനം പയ്യോളിയിൽ നടന്നു. യോഗം ജില്ലാ ജോയിൻറ് സെക്രട്ടറി മുരളി പറയഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻറ് സെക്രട്ടറി ജോസ് കൂരാച്ചുണ്ട് മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി മഠത്തിൽ രാജീവൻ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡണ്ട് പ്രശോഭ് മേലടി അധ്യക്ഷം വഹിച്ചു. രക്ഷാധികാരികളായ ചന്ദ്രൻ കണ്ടോത്ത്, വിനീത് തിക്കോടി എന്നിവർ ആശംസയർപ്പിച്ചു . പി എം താജ് നാടക രചന പുരസ്കാരം നേടിയ ദിലീപ് കീഴൂരിനെയും പ്രഥമ രാജാ രവിവർമ്മ ചിത്രകലാ പുരസ്കാരം കരസ്ഥമാക്കിയ എസ് അശോക് കുമാറിനെയും യോഗത്തിൽ ആദരിച്ചു.



മേഖലാ സെക്രട്ടറി അരുൺ എ കെ പാറോൽ സ്വാഗതവും അശോക് കുമാർ നന്ദിയും പറഞ്ഞു. മേലടി രവി രചനയും സംവിധാനവും നിർവഹിച്ച ‘പുള്ളിപ്പുലി’ എന്ന ടെലിഫിലിമും മദ്യത്തിനും മയക്കുമരുന്നിനും എതിരെ പ്രമേയമാക്കി സുധി സംവിധാനം ചെയ്ത ‘അഖിലന്റെ സൂത്രവാക്യം’ എന്ന ടെലിഫിലിമും അരങ്ങേറി. ചന്ദ്രശേഖരൻ തിക്കോടി രചനയും എം കെ സുരേഷ് ബാബു സംവിധാനവും നിർവഹിച്ച അരുത്, ചെയ്യരുത് എന്ന ഒറ്റയാൾ നാടകം നന്മയിലെ കലാകാരനായ അഷറഫ് പുഴക്കര അവതരിപ്പിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. പുതിയ മേഖലാ പ്രസിഡണ്ടായി സി കെ രാജൻ പള്ളിക്കരയേയും സെക്രട്ടറിയായി അരുൺ എ കെ പാറോൽ , ട്രഷററായി എസ് അശോക് കുമാർ എന്നിവരെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            