പയ്യോളി : അതിദരിദ്ര മുക്ത നഗരസഭയായി പയ്യോളിയെ പ്രഖ്യാപിച്ചു. ജില്ലയിൽ പ്രഖ്യാപനം നടത്തുന്ന ആദ്യ നഗരസഭയാണ് പയ്യോളി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് പയ്യോളിയെ അതിദരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എം വിജില റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലമിഷൻ കോ- ഓർഡിനേറ്റർ പി.സി കവിത മുഖ്യാതിഥിയായി. ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഡയറക്ടർ ജസീർ പി.വി സന്നിഹിതനായി.





156 കുടുംബങ്ങളെയാണ് സർക്കാർ നിർദ്ദേശ പ്രകാരം പയ്യോളിയിൽ കണ്ടെത്തിയത്. ഇതിൽ ഏകാംഗ കുടുംബമായ 8 പേർ മരണപ്പെട്ടു .148 കുടുംബങ്ങളാണ് നിലവിലുള്ളത്. ഇവർക്കായി കണ്ടെത്തിയ 353 സേവനങ്ങൾ മൈക്രോ പ്ലാൻ തയ്യാറാക്കി പൂർത്തിയാക്കി. അവകാശ രേഖകൾ നല്കുന്ന പ്രവർത്തനം 2 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു. 29 കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണത്തിനും 7 കുടുംബങ്ങൾക്ക് ശുചിത്വ കക്കൂസിനും 5 കുടുംബങ്ങൾക്ക് വീടിനും 8 കുടുംബങ്ങൾക്ക് ഉപജീവന ഉപാധികൾ നല്കുന്നതിനും ധനസഹായം നല്കി. 92 പേർക്ക് ആരോഗ്യ സേവനവും 60 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും നല്കി വരുന്നു. വീടും സ്ഥലവും ഇല്ലാത്ത 5 കുടുംബങ്ങൾക്ക് താമസസൗകര്യം ഉറപ്പ് വരുത്തി. 8 വിദ്യാർത്ഥികൾക്കുള്ള സഹായവും ചെയ്തു വരുന്നു. അതിദരിദ്ര വിഭാഗ പദ്ധതികൾ പൂർത്തിയാക്കിയാണ് അതിദരിദ്ര മുക്ത നഗരസഭയായി പയ്യോളിയെ പ്രഖ്യാപിച്ചത്.

ചടങ്ങിൽ  അതിദരിദ്ര വിഭാഗ നോഡൽ ഓഫീസർ ടി.പി പ്രജീഷ് കുമാറിനെയും സീനിയർ ക്ലർക്ക് പി സുഗിതകുമാരിയെയും ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് ആദരിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷ്റഫ് കോട്ടക്കൽ,പി.എം ഹരിദാസൻ , ഷെജ്മിന അസൈനാർ, റിയാസ് പി.എം, കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷൈന പി.കെ കൗൺസിലർ ചെറിയാവി സുരേഷ് ബാബു രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുജേഷ് ശാസ്ത്രി, ബഷീർ മേലടി എൻ.സി മുസ്തഫ എന്നിവർ സംസാരിച്ചു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            