കോഴിക്കോട്: കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രൽ വളപ്പിൽ ആറ് മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. തീർത്ഥാടക സംഘത്തോടൊപ്പം എത്തിയ പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് മാസം തികയാതെ പ്രസവിച്ചത്. ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടൂറിസ്റ്റ് ബസിലാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. പ്രസവത്തിന് പിന്നാലെ പരിഭ്രാന്തിയിലായ യുവതി ഭ്രൂണം പള്ളി കോമ്പൗണ്ടിൽ ഉപേക്ഷിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് യുവതിയെ കണ്ടെത്തിയത്. നിലവിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിവാഹിതയായ യുവതിക്ക് ഒന്നരവയസ്സുള്ള മറ്റൊരു കുട്ടിയുമുണ്ട്. പെട്ടെന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന യുവതിയുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ചു. യുവതിയുടെ കുടുംബ പശ്ചാത്തലം അന്വേഷിച്ചതിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഭ്രൂണം ഉപേക്ഷിച്ച സംഭവത്തിൽ നിയമപരമായ നടപടികളുടെ ഭാഗമായി പോലീസ് കേസെടുക്കും.
