പഴയ പാസ്‌ബുക്ക് ഒന്ന് പൊടിതട്ടിയെടുത്ത് നോക്കിക്കോളൂ; ഇന്ത്യൻ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 67,003 കോടി രൂപ!

news image
Jul 30, 2025, 1:50 pm GMT+0000 payyolionline.in

ഡല്‍ഹി: ഇന്ത്യൻ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 67,003 കോടി രൂപ. ഈ നിക്ഷേപങ്ങളില്‍ 87 ശതമാനവും കൈവശം വച്ചിരിക്കുന്നത് പൊതുമേഖല ബാങ്കുകളാണ്.

58,330.26 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത്. ഇതില്‍ 29ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ആണ് കൈവശം വച്ചിരിക്കുന്നത്. എസ്.ബി.ഐയില്‍ മാത്രം 19,239 കോടി രൂപയുടെ ഇത്തരം നിക്ഷേപങ്ങളുണ്ടെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെൻറില്‍ വെളിപ്പെടുത്തി.

2025 ജൂണ്‍ 30 വരെയുള്ള കണക്കുകളാണിത്. 2023 മാർച്ച്‌ വരെ അവകാശികളില്ലാത്ത 62,225 കോടി രൂപയാണ് ബാങ്കുകളില്‍ ഉണ്ടായിരുന്നത്. ഇതാണിപ്പോള്‍ 67,003 കോടിയായി ഉയർന്നത്. എം.കെ വിഷ്ണു പ്രസാദ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം കേന്ദ്രസർക്കാർ വെളിപ്പെടുത്തിയത്. പഞ്ചാബ് നാഷനല്‍ ബാങ്ക് (6,910.67 കോടി രൂപ), കനറാ ബാങ്ക് (6,278.14 കോടി), ബാങ്ക് ഓഫ് ബറോഡ (5,277.36 കോടി), യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ (5,104.50 കോടി) എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കൂടുതലുള്ള മറ്റ് പൊതുമേഖല ബാങ്കുകള്‍.

സ്വകാര്യ ബാങ്കുകളില്‍ 8,673.72 കോടിയുടെ അവകാശികളില്ലാത്ത നിക്ഷേപമാണുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ കൈവശം വച്ചിരിക്കുന്നത് ഐ.സി.ഐ.സി.ഐ ബാങ്കാണ്. 2,063.45 കോടി രൂപ. എച്ച്‌.ഡി.എഫ്.സി ബാങ്കില്‍ 1,609 കോടിയും ആക്സിസ് ബാങ്കില്‍ 1,360 കോടിയും അവകാശികളില്ലാതെ കിടക്കുന്നുണ്ട്.

പത്ത് വർഷമായി യാതൊരു ഇടപാടും നടക്കാത്ത സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ പണമാണ് ‘അവകാശികളില്ലാത്ത നിക്ഷേപം’ ആയി കണക്കാക്കുന്നത്. 10 വർഷം കഴിഞ്ഞാല്‍ ഈ പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പരിപാലിക്കുന്ന ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe