ന്യൂഡൽഹി: ജമ്മു കാശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി. അടുത്തിടെയുണ്ടായ പഹൽഗാം സംഭവം ഉൾപ്പെടെയുള്ള അടിസ്ഥാന യാഥാർത്ഥ്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ടു. മുമ്പും അത്തരം ഹരജികൾക്ക് കോടതി ചെലവ് ചുമത്തിയിരുന്നുവെന്ന് പറഞ്ഞു. എന്നാൽ, അക്കാദമിഷ്യനായ സഹൂർ അഹമ്മദ് ഭട്ട്, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ അഹമ്മദ് മാലിക് എന്നിവർ സമർപ്പിച്ച ഹരജി എട്ട് ആഴ്ചകൾക്കു ശേഷം വാദം കേൾക്കുന്നതിനായി ബെഞ്ച് മാറ്റി.
ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചിട്ട് 21 മാസമായെന്ന് ഭട്ടിനുവേണ്ടി ഹാജരായ ശങ്കരനാരായണൻ പറഞ്ഞു. ജമ്മു-കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് സോളിസിറ്റർ ജനറൽ നൽകിയ ഉറപ്പ് കണക്കിലെടുത്ത് ബെഞ്ച് ഈ വിഷയം പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ ബെഞ്ച് നിർദേശം നൽകുക മാത്രമാണ് ചെയ്തതെന്നും സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ശങ്കരനാരായണൻ പറഞ്ഞു.
2023 ഡിസംബർ 11ന്, മുൻ ജമ്മു-കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് സുപ്രീംകോടതി ഏകകണ്ഠമായി ശരിവെച്ചിരുന്നു. എന്നാൽ, 2024 സെപ്റ്റംബറോടെ കേന്ദ്രഭരണ പ്രദേശത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനും അതിന്റെ സംസ്ഥാന പദവി ‘എത്രയും വേഗം’ പുനഃസ്ഥാപിക്കാനും ഉത്തരവിട്ടിരുന്നു.
രണ്ടു മാസത്തിനുള്ളിൽ ജമ്മു-കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷമാണ് സഹൂർ അഹമ്മദ് ഭട്ട് ഹരജി ഫയൽ ചെയ്തത്.
‘സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിലെ കാലതാമസം ജമ്മു-കശ്മീരിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ അധികാരത്തിൽ ഗുരുതരമായ കുറവുണ്ടാക്കും. ഇത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ ഫെഡറലിസത്തിന്റെ ഗുരുതരമായ ലംഘനത്തിന് കാരണമാകുമെന്നും’ ഭട്ടിന്റെ ഹരജിയിൽ പറയുന്നു.
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പുകളും സമാധാനപരമായി നടന്നു. അക്രമ സംഭവങ്ങളോ, അസ്വസ്ഥതകളോ, സുരക്ഷാ ആശങ്കകളോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അതിനാൽ, നിലവിലെ നടപടിക്രമങ്ങളിൽ ഇന്ത്യൻ യൂനിയൻ ഉറപ്പുനൽകിയതുപോലെ ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ തടസ്സമാകുന്നതോ തടയുന്നതോ ആയ സുരക്ഷാ ആശങ്കകളോ അക്രമമോ മറ്റ് അസ്വസ്ഥതകളോ ഇല്ല’ എന്നും ഹരജിയിൽ കൂട്ടിച്ചേർത്തു.