9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ‘കയ്യിൽ മുറിവുണ്ടോ എന്ന് ഡോക്ടർമാർ പരിശോധിച്ചില്ല, എല്ല് പൊട്ടി പുറത്തുവന്നിരുന്നു’; അമ്മ പ്രസീത

news image
Oct 5, 2025, 9:54 am GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ അമ്മ പ്രസീത. 24ാം തീയതി ആശുപത്രിയിലെത്തി എക്സ്റേ എടുത്തിരുന്നുവെന്നും കയ്യിൽ മുറിവുണ്ടോ എന്ന് ഡോക്ടർമാർ പരിശോധിച്ചില്ലെന്നും പ്രസീത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 5 ദിവസം കഴിഞ്ഞ് വരാനാണ് പറഞ്ഞത്. 30ന് രാവിലെ കുട്ടിയുടെ അവസ്ഥ ​ഗുരുതരമായി. എല്ല് പൊട്ടി പുറത്തുവന്നിരുന്നുവെന്നും പ്രസീത ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.അതേ സമയം, സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് സംഭവം അന്വേഷിച്ചത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് ഡിഎംഒയ്ക്ക് കൈമാറി. ഡോക്ടർമാരെ പിന്തുണച്ച് കെജിഎംഒഎയും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയ്ക്ക് പരമാവധി ചികിത്സ നൽകിയിരുന്നതായി കെജിഎംഒഎ വ്യക്തമാക്കുന്നു. കൈമുറിച്ചു മാറ്റേണ്ടി വന്നത് അപൂർവമായി സംഭവിക്കുന്ന ചികിത്സ സങ്കീർണത മൂലമാണെന്നാണ് വിശദീകരണം. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി എന്ന ഒൻപത് വയസുകാരിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. സെപ്റ്റംബർ 24-ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൈയിൽ പ്ലാസ്റ്റർ ഇട്ടു. ഇതിന് ശേഷവും കുട്ടിക്ക് വേദനയുണ്ടെന്ന് അറിയിച്ചപ്പോൾ അഞ്ച് ദിവസം കഴിഞ്ഞ് വരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്ന് അമ്മ പറയുന്നു. അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലായിരുന്നു. കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.

അന്വേഷണ റിപ്പോർട്ട് കള്ളമാണെന്നും പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ വച്ചു മുറിവിന് ചികിത്സ നൽകിയില്ലെന്നും കുട്ടിയുടെ കുടുംബം പ്രതികരിച്ചു. മുറിവ് വൃത്തി ആക്കാനോ മരുന്ന് വെക്കാനോ തയ്യാറായില്ല. 4 ദിവസത്തിന് ശേഷം വീണ്ടും എത്തിയപ്പോഴും മുറിവ് പരിശോധിച്ചില്ല. 30 ന് ആശുപത്രിയിൽ എത്തിയത് ആവശ്യപ്പെട്ടിട്ട് അല്ല. വേദന കൂടിയത് കൊണ്ടും, കയ്യിന്റെ നിറം മാറിയത് കണ്ടും തങ്ങൾ നേരിട്ട് എത്തുകയായിരുന്നു. ചികിത്സിച്ച ഡോക്ടർമാർക്ക് എതിരെ നടപടി വേണം എന്നും കുട്ടിയുടെ അമ്മ  പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe