പാലക്കാട്: പാലക്കാട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ എമിലീന(4), ആൽഫിൻ (6)എന്നിവരാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ എൽസി മാർട്ടിന്റെ (37) നില ഗുരുതരമായി തുടരുന്നു. എൽസിയുടെ മകൾ അലീന (10), കുട്ടികളുടെ മുത്തശ്ശി ഡെയ്സിക്കും(65) പൊള്ളലേറ്റിരുന്നു.
വെള്ളി വൈകീട്ട് അഞ്ചിനാണ് സംഭവം.പാലന ആശുപത്രിയിലെ നഴ്സായ എൽസി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങുന്ന സമയത്താണ് അപകടം. വാഹനം സ്റ്റാർട്ട് ആക്കിയ സമയം പെട്രോൾ ടാങ്കിൻ്റെ ഭാഗത്ത് നിന്നും തീ പിടിക്കുകയായിരുന്നു. ഉടൻ തന്നെ എൽസി രണ്ട് മക്കളെ താഴെ വലിച്ചിട്ടെങ്കിലും ഇതിനകം തീ ആളിപടർന്നു. ഇവരെ രക്ഷിക്കാനായി ഓടിയെത്തുന്നതിനിടെയാണ് മുത്തശ്ശിക്ക് പൊള്ളലേറ്റത്.
കാറിൻ്റെ ഡോർ അടഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ച് ഇവരെ പുറത്തെടുത്ത് ആംബുലൻസിൽ പാലന ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു.
അട്ടപ്പാടി സ്വദേശിയായ എൽസി നാല് വർഷം മുൻപാണ് അത്തികോട് താമസിക്കാനായി എത്തിയത്. ഇവരുടെ ഭർത്താവ് മാർട്ടിൻ ഒന്നര മാസം മുൻപ് അസുഖ ബാധിതനായി മരണപ്പെട്ടിരുന്നു. കുട്ടികൾ പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിലെ വിദ്യാർഥികളാണ്.