പാലോട് പടക്ക നിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ നിർമ്മാണശാല ഉടമയ്ക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ നന്ദിയോട് – ആനക്കുഴി സ്വദേശി സജിനെ നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും കൈയ്യിലുമാണ് പരുക്ക്. പടക്കം കെട്ടുന്നതിനിടെയാണ് അപകടം നടന്നത്. സജിന് 50 ശതമാനത്തോളം പൊളളലേറ്റതായാണ് വിവരം.
ലൈസൻസ് സജിന്റെ പിതാവിന്റെ പേരിലാണ് ഉള്ളത്. പൊട്ടിത്തെറിയെ തുടർന്ന് പാലോട് പൊലീസ് നിർമ്മാണശാലയിലെ രണ്ട് റൂമുകൾ സീൽ ചെയ്തു. പടക്ക് കെട്ടുന്നതിനിടെ തിരി സ്പാർക്ക് ആയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.
സ്ഥിരമായി ഇപ്പോൾ പാലോട് – നന്ദിയോട് മേഖലയിൽ ഇത്തരത്തിൽ അപകടം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തുടരത്തുടരെ അപകടങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പാലോട് പൊലീസ് സംയുക്ത അന്വേഷണത്തിനായി കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
