പാളയത്തെ ബിജു വധക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു

news image
Jul 25, 2026, 11:33 am GMT+0000 payyolionline.in

കോഴിക്കോട്: പാളയത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്. കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ദീപക്കിന്റെ വീട്ടിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു.

കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ആയുധം ഒളിപ്പിച്ച വീടിനെക്കുറിച്ച് ദീപക് പോലീസിന് വിവര നൽകിയത്. ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി കത്തി ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.

കഴിഞ്ഞ ജൂലൈ 19-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകം പറമ്പിലെ വീട്ടിൽ വെച്ചാണ് ബിജുവിന് കഴുത്തിലും വയറിലും കുത്തേറ്റത്. സംഭവസ്ഥലത്തുനിന്ന് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ബിജു പിന്നീട് മരണപ്പെടുകയായിരുന്നു. അന്വേഷണത്തിൽ ബിജുവിന്റെ ബന്ധുവായ ദീപക്കിനെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വർഷങ്ങളായി നിലനിൽക്കുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ തെളിവെടുപ്പുകളും ചോദ്യം ചെയ്യലുകളും പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe