പാർലമെന്‍റിൽ പോയില്ല, രാവിലെ മുതൽ ഫ്ലാറ്റിൽ, കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ ബിഹാറിലേക്ക് ഷാഫി പോയി? സമ്പൂർണ മൗനം

news image
Aug 21, 2025, 1:16 pm GMT+0000 payyolionline.in

ദില്ലി: സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രാജിവെച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മൗനം തുടർന്ന് ഷാഫി പറമ്പിൽ എം പി. ഇന്ന് രാവിലെ മുതൽ മാധ്യമ പ്രവർത്തകർ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ഷാഫി കാണാൻ കൂട്ടാക്കിയില്ല. രാഹുലിനെ എല്ലാക്കാലത്തും സംരക്ഷിച്ചത് ഷാഫിയെന്ന ആരോപണത്തിന്‍റെയടക്കം പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണത്തിനായി മാധ്യമങ്ങൾ ശ്രമിച്ചത്. രാവിലെ മുതൽ ദില്ലിയിലെ ഫ്ലാറ്റിലിരുന്ന ഷാഫി, ഇന്ന് പാർലമെന്‍റിലേക്കും പോയില്ല. മാധ്യമങ്ങൾക്ക് മുഖം തരാതിരുന്ന ഷാഫി, ഫ്ലാറ്റിലേക്ക് മാധ്യമങ്ങളെയും കടത്തിവിടാൻ അനുവദിച്ചിരുന്നില്ല. ഒടുവിൽ വൈകുന്നേരത്തോടെ ഫ്ലാറ്റിനു മുന്നിൽ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി, ബീഹാറിലേക്ക് പോയെന്നാണ് വിവരം. രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനെന്നാണ് വിശദീകരണം. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി രാജിവെക്കേണ്ടിവന്നതിന് പിന്നാലെ ഷാഫിക്കെതിരെ പാർട്ടിയിൽ പടനീക്കം ശക്തമായിട്ടുണ്ട്. രാഹുലിനെ ഇക്കാലമത്രയും സംരക്ഷിച്ചത് ഷാഫിയെന്ന പരാതിയടക്കം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് പരാതി നൽകുകയും ചെയ്തു. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി, പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവജന സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയർത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാക്കളും സി പി എം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തുകയും ചെയ്തു. വിവിധയിടങ്ങളിൽ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ശക്തമാക്കിയിട്ടുണ്ട്. രാഹുലിന്‍റെ പാലക്കാടുള്ള എം എൽ എ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോർച്ച പ്രവർത്തകർ സമരം നടത്തിയത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഡി വൈ എഫ് ഐയും പാലക്കാട്ടെ എം എൽ എ ഓഫീസിലേക്ക് പ്രകടനം നടത്തി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലക്സിന് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്‍റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe