ഓൺലൈൻ ഡെലിവറി ആപ്പിൽ നിന്ന് ഒരു ലിറ്റർ പാൽ ഓർഡർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് മുംബൈയിലെ വയോധികയ്ക്ക് നഷ്ടമായത് 18.5 ലക്ഷം രൂപ. 71കാരിയാണ് സൈബര്‍ തട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ടത്. ഒരു ഓൺലൈൻ ഡെലിവറി ആപ്പിൽ നിന്നാണ് വയോധിക പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ചത്. പിന്നാലെയാണ് വഡാലയില്‍ താമസിക്കുന്ന സ്ത്രീയുടെ മുഴുവൻ ബാങ്ക് സമ്പാദ്യം രണ്ട് ദിവസത്തിനുള്ളിൽ നഷ്ടപ്പെട്ടത്.
ആഗസ്ത് നാലിനാണ് പാല്‍ കമ്പനിയുടെ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് ദീപക് എന്നയാള്‍ ഇവരെ വിളിച്ചത്. വിളിച്ചയാൾ അവർക്ക് ഒരു ലിങ്ക് അയച്ച് ഓർഡർ നൽകുന്നതിനായി വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കാൻ നിർദ്ദേശിച്ചുവെന്ന് ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, സ്ത്രീ ഒരു മണിക്കൂറോളം കോളിൽ തുടർന്നു. അടുത്ത ദിവസം, തട്ടിപ്പുകാരൻ വീണ്ടും വിളിച്ച് കൂടുതൽ വിവരങ്ങൾ നേടി.തൊട്ടടുത്ത ദിവസമാണ് തന്റെ ഒരു അക്കൗണ്ടിൽ നിന്ന് 1.7 ലക്ഷം രൂപ നഷ്ടമായതായി ഇവര്‍ക്ക് മനസിലായത്. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തന്‍റെ മറ്റ് രണ്ട് ബാങ്ക് അക്കൗണ്ടുകളും കാലിയായെന്ന വിവരം തിരിച്ചറിയുന്നത്. മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി ഏകദേശം 18.5 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷമാണ് പ്രതിക്ക് അവരുടെ ഫോൺ ലഭ്യമായതെന്ന് പോലീസ് കരുതുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.