തിരുവനന്തപുരം: കേരള പിഎസ്‍സി അപേക്ഷകളില്‍ അവസാന തീയതിക്കു മുന്‍പായി ഇനി തിരുത്തല്‍ വരുത്താം. പിഎസ്‍സി പുറപ്പെടുവിക്കുന്ന അടുത്ത വിജ്ഞാപനം മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച ശേഷം, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി വരെയുളള കാലയളവില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുളള എഡിറ്റ് ഓപ്ഷന്‍ അനുവദിക്കുവാന്‍ കമീഷന്‍ തീരുമാനിച്ചു.
അപേക്ഷയിലെ ഡിക്ലറേഷന്‍സ് ലിങ്കില്‍ വെയിറ്റേജിലും (ഭിന്നശേഷി വിഭാഗം/വിമുക്ത ഭടന്‍മാര്‍/കായിക താരങ്ങള്‍/എന്‍സിസി മുതലായവ) പ്രിഫറന്‍ഷ്യല്‍ യോഗ്യതകള്‍ സംബന്ധിച്ചും ആവശ്യമായ മാറ്റങ്ങള്‍ വരുത്താൻ അനുവദിക്കുന്നതിനാണ് തീരുമാനം. ഇതോടൊപ്പം അവസാന തിയതിക്കു മുന്‍പ് പ്രൊഫൈലില്‍ വരുത്തുന്ന എല്ലാ മാറ്റങ്ങളും അപേക്ഷയുടെ ഭാഗമാകും. ഇതോടെ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അശ്രദ്ധമൂലമുണ്ടാകുന്ന തെറ്റുകള്‍ അപേക്ഷയുടെ അവസാന തിയതിക്കു മുന്‍പായി തിരുത്തുവാനുളള അവസരം ഉദ്യോഗാര്‍ഥികള്‍ക്ക് ഉണ്ടാകും.
