കോതമംഗലം: ഇന്ധനം ഇല്ലാത്തതിന്റെ പേരില്‍ ഓട്ടോറിക്ഷകള്‍ക്ക് ഇനി വഴിയില്‍ കിടക്കേണ്ടിവരില്ല. വൈദ്യുതിയിലും പെട്രോളിലും ഓടുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്സ് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികളുടെ പരീക്ഷണം വിജയം കണ്ടു.
15 വര്‍ഷം പിന്നിട്ട ഉപയോഗശൂന്യമായ ഓട്ടോറിക്ഷയാണ് ഹൈബ്രിഡ് കുട്ടപ്പനാക്കി പുതിയ രൂപത്തിലും ഭാവത്തിലുമാക്കിയത്. പെട്രോള്‍ തീര്‍ന്നാല്‍ പകരം വൈദ്യുതിയും വൈദ്യുതി തീര്‍ന്നാല്‍ പെട്രോളിലും അനായാസം ഓടിക്കാവുന്ന മുച്ചക്രവും അങ്ങനെ ഹൈബ്രിഡ് ശ്രേണിയിലേക്ക് എത്തി. കോളേജിലെ അവസാനവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ഥികള്‍ ആണ് തങ്ങളുടെ കോഴ്സ് പ്രോജക്ടിന്റെ ഭാഗമായി ഹൈബ്രിഡ് ഓട്ടോറിക്ഷ രൂപകല്പന ചെയ്തത്.
ഇലക്ട്രിക്് ആന്‍ഡ് ഇലക്ടോണിക്സ് വിഭാഗം മേധാവി ഡോ. അരുണ്‍ എല്‍ദോ ഏലിയാസ്,മെക്കാനിക്കല്‍ വിഭാഗം ട്രേഡ് ഇന്‍സ്ട്രക്ടര്‍ ബിനീഷ് ജോയി എന്നിവരുടെ മേല്‍നോട്ടത്തില്‍ അതുല്‍ പി. മാണിക്കം, നിബിന് ബിനോയ്, ഗൗതം മോഹന്‍, അനന്തു അജികുമാര്‍, ജോയല്‍ ജോസ്, അലന് ബെന്നി, മുഹമ്മദ് ബിലാല്‍, മുഹമ്മദ് ഷാല്ബിന് എന്നിവരടങ്ങുന്ന വിദ്യാര്‍ഥികള്‍ മാനേജ്മെന്റ് ധനസഹായത്തോടെ ഒരുലക്ഷംരൂപ ചെലവഴിച്ച് ആറുമാസംകൊണ്ടാണ് വാഹനം നിര്‍മിച്ചത്.
ഹൈബ്രിഡ് ഓട്ടോയുടെ കന്നിയാത്ര സാങ്കേതികശാസ്ത്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് ഫ്ളാഗ്ഓഫ് ചെയ്തു. കോളേജ് സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, ട്രഷറര്‍ ബിനു കെ. വര്‍ഗീസ്, ഡയറക്ടര്‍ ഡോ. ഷാജന് കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് പ്രൊഫ. ജോണി ജോസഫ്, പ്രൊഫ. ലീന തോമസ്, ഡോ. അരുണ്‍ എല്‍ദോ ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.