വടകര : പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിലെ ബയോമൈനിങ്ങിലൂടെയുള്ള മാലിന്യംനീക്കൽ പൂർത്തിയായില്ല. 2025 മേയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് കരാർ ഏറ്റെടുത്ത കമ്പനി പറഞ്ഞെങ്കിലും മഴ ഉൾപ്പെടെ പ്രതികൂലസാഹചര്യങ്ങൾ വന്നതാണ് പ്രവൃത്തി നീളാൻ കാരണം. ഇതേത്തുടർന്ന് നഗരസഭ കരാർകാലാവധി നീട്ടി നൽകിയിട്ടുണ്ട്. ഏപ്രിലോടെ പൂർത്തീകരിക്കാനാണ് സമയം നൽകിയത്.
ഇവിടെനിന്ന് ഇതുവരെ 75 ട്രക്കുകളിലായി 3,000 ടണ്ണിനടുത്ത് മാലിന്യം നീക്കംചെയ്തുകഴിഞ്ഞു. ആറ്ുമീറ്റർ താഴ്ചയിൽ മാലിന്യമുള്ളതിനാൽ ഈ ഭാഗത്ത് നനവുമുണ്ട്. നനവ് മാറിയാൽ മാത്രമേ വേർതിരിക്കുന്ന പ്രക്രിയ നടക്കൂ. നിലവിൽ 26-ഓളം തൊഴിലാളികൾ രാത്രിയും പകലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യുന്നുണ്ട്. വേനൽമഴ ഉൾപ്പെടെ പെയ്യുന്ന സമയങ്ങളിൽ പ്രവൃത്തി പൂർണമായും നിർത്തിവെച്ച് മാലിന്യം ഉണങ്ങുന്നവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
കുമിഞ്ഞുകൂടിയ മാലിന്യം യന്ത്രസഹായത്തോടെ കുഴിച്ചെടുത്ത് തരംതിരിച്ച് സുരക്ഷിതമായി നീക്കംചെയ്ത് ഭൂമിയെ വീണ്ടെടുക്കുക എന്ന പ്രക്രിയയാണ് ബയോമൈനിങ് വഴി നടത്തുന്നത്. പ്ലാസ്റ്റിക് മാലിന്യം, ചെരിപ്പ്, ബാഗ് തുടങ്ങിയവ, മണ്ണ്, കരിയിലപോലെ പൊടിയുന്നതരം ജൈവമാലിന്യം എന്നിങ്ങനെ മാലിന്യം നാലുവിഭാഗമായാണ് വേർതിരിക്കുന്നത്. ഇതിൽ മണ്ണൊഴികെ ബാക്കി മാലിന്യം ബയോമൈനിങ് നടത്തുന്ന എസ്.എം.എസ്. നാഗ്പൂർ കമ്പനിയുമായി കരാറിലേർപ്പെട്ട ഏജൻസി വ്യാവസായിക ആവശ്യത്തിനായി കൊണ്ടുപോകും. മാലിന്യംനീക്കുന്ന ഭാഗം നികത്താൻ മണ്ണ് ഉപയോഗിക്കും.
വർഷങ്ങളായി നഗരസഭാപരിധിയിലെ മാലിന്യം മുഴുവൻ തള്ളുന്ന കേന്ദ്രമായിരുന്നു പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ട്. ദുർഗന്ധപൂരിതമായിരുന്നു പ്രദേശം. വികേന്ദ്രീകൃത മാലിന്യസംസ്കരണപദ്ധതി വന്നതോടെ 2016-ലാണ് ഇവിടേക്ക് മാലിന്യംതള്ളുന്നത് നിർത്തിയത്. എന്നാൽ, അതുവരെ തള്ളിയ മാലിന്യം നീക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ആറ്ുമീറ്റർ താഴ്ചയിൽ ഇവിടെ മാലിന്യമുണ്ടായിരുന്നു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിപ്രകാരം ലോകബാങ്ക് അനുവദിച്ച 5.62 കോടി രൂപ ചെലവിലാണ് ബയോമൈനിങ് നടത്തുന്നത്. ഒന്നരയേക്കർ സ്ഥലത്താണ് മാലിന്യമുള്ളത്.
വേർതിരിച്ചെടുക്കുന്ന മണ്ണിൽ ചെടികളും പച്ചക്കറികളും വളരുമോ എന്നറിയുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ തോട്ടമൊരുക്കിയിരുന്നു. മാലിന്യം മുഴുവനായി നീക്കംചെയ്താൽ ഇവിടെ ഹരിതപാർക്ക് സ്ഥാപിക്കാനാണ് നഗരസഭ ആലോചിക്കുന്നത്.
