തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ഇറങ്ങി യുഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ ഖജനാവിൽ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപ. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്. ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിലാണ് നിർണായക വിവരമുള്ളത്.
വിവരാവകാശ മറുപടിയുടെ പകർപ്പ് ലഭിച്ചു. സർക്കാർ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് കണക്ക് പുറത്തുവന്നത്. കേരളം പാപ്പരായ സംസ്ഥാനമെന്ന എ കെ ആന്റണിയുടെ പ്രസ്താവന വിവാദമായിരുന്നു.
പൂർണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളത്തിൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പി എം എ സലാമും ഖജനാവ് കാലിയാണെന്ന് ആരോപിച്ചിരുന്നു.
ആന്റണിയുടെ പരാമർശത്തിന് പിന്നാലെ തന്നെ ഖജനാവ് കാലിയല്ലെന്നും 6000 കോടി രൂപ ബാക്കിവെച്ചാണ് ഇറങ്ങിയതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. പൂച്ച പെറ്റുകിടന്നെന്ന് ആക്ഷേപിച്ച ഖജനാവിൽ പണമുള്ളത് കൊണ്ടാണ് ഗ്യാരണ്ടികൾ നടപ്പാക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
