പെരിയാറിലെ മത്സ്യക്കുരുതി: വ്യവസായ വകുപ്പിനെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും പഴിച്ച് ഇറിഗേഷൻ വകുപ്പ്

news image
May 23, 2024, 3:54 am GMT+0000 payyolionline.in

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ പരസ്പരം പഴിചാരി സര്‍ക്കാര്‍ വകുപ്പുകൾ. വ്യവസായ വകുപ്പിന്‍റെയും പൊല്യൂഷൻ കൺട്രോൾ ബോ‍ർഡിന്‍റെയും ജാഗ്രതക്കുറവാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് ഇറിഗേഷൻ വകുപ്പ് തയാറാക്കിയ റിപ്പോ‍ർട്ടിലുളളത്. പാതാളം റെഗുലേറ്റ‍ർ കം ബ്രി‍ഡ്ജ് തുറക്കുന്നതിന് 10 മണിക്കൂർ മുന്പ് തന്നെ മത്സ്യങ്ങൾ ചത്തു തുടങ്ങിയിരുന്നെന്നും ഇക്കാര്യം പ്രദേശത്തെ ജനജാഗ്രതാ സമിതി പിസിബിയെ അറിയിച്ചിരുന്നെന്നുമാണ് റിപ്പോ‍ർട്ട്. മാത്രവുമല്ല പാതാളം ഷട്ടറിന് മുന്പുളള ഏതോ ഫാക്ടറിയിലെ രാസ മാലിന്യമാണ് മീൻ കുരുതിക്ക് ഇടയാക്കിയതെന്നും ഉദ്യോഗസ്ഥർ ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്.

സ്വകാര്യ കമ്പനികൾ മാത്രമല്ല വൻകിട പൊതുമേഖലാ ഫാക്ടറികളും പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതാണ് ചെറുതും വലുതുമായ തുടർച്ചയായ മത്സ്യക്കുരുതിക്ക് കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. മലിനജലം ശുദ്ധീകരിച്ച് പുറത്തേക്ക് ഒഴുക്കാൻ മാത്രമാണ് ഫാക്ടറികൾക്ക് അനുമതി. ഇതിന്‍റെ മറവിലാണ് രാവും പകലുമില്ലാതെ മലിനജലം ഒഴുക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

അതിനിടെ പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏതെന്നതില്‍ വ്യക്തതയില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും പരിശോധന ഫലങ്ങൾ വൈകുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫോർട്ട് കൊച്ചി സബ് കളക്ടറും ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടറും ഇന്ന് പെരിയാർ സന്ദർശിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിലേക്ക് സിപിഎം ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കുടിവെള്ളം മലിനമാക്കിയതിന് എതിരെ മത്സ്യ കർഷകർ ഇന്ന് പൊലീസിൽ പരാതി നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe