പെരുവണ്ണാമൂഴി : കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ പറമ്പിലെ തെങ്ങിൽക്കയറി തേങ്ങ പറിച്ചെറിയുന്നതിനാൽ മുറ്റത്തിറങ്ങാൻപോലും ഭയപ്പെടുകയാണ് പെരുവണ്ണാമൂഴിയിലെ ഭിന്നശേഷിക്കാരനായ മഠത്തിനകത്ത് ജോൺസന്റെ കുടുംബം. ഒന്നേകാൽ എക്കർ സ്ഥലമാണ് ജോൺസനുള്ളത്. വീട്ടുപറമ്പിലെ 54 തെങ്ങുകളിൽനിന്നുള്ള ആദായമായിരുന്നു പ്രധാന കാർഷികവരുമാനം. വർഷത്തിൽ അയ്യായിരത്തോളം തേങ്ങ മുൻപ് ലഭിച്ചിരുന്നതാണ്.
ഇപ്പോൾ മച്ചിങ്ങയും കരിക്കുമെല്ലാം കുരങ്ങുകൾപറിച്ച് താഴേക്കിടുന്നതിനാൽ ഒരു തേങ്ങപോലും കിട്ടാത്ത സ്ഥിതിയാണെന്ന് ജോൺസൻ പറയുന്നു. പ്രശ്നം രൂക്ഷമായപ്പോൾ ഏതാനുംവർഷംമുൻപ് പത്തുതെങ്ങുകൾ ജോൺസൺ മുറിച്ചുമാറ്റിയിരുന്നു.
വീടിന് മുകളിലേക്ക് കരിക്കുകളും തേങ്ങയും എറിയാൻ തുടങ്ങിയതോടെ രണ്ട് മാസംമുൻപ് ഒരെണ്ണവും മുറിച്ചു. അടുത്തകാലത്താണ് കുരങ്ങുശല്യം രൂക്ഷമായത്. വനംവകുപ്പ് കുരങ്ങുകളെ പിടികൂടണമെന്നാവശ്യപ്പെട്ട് 2021-ൽ തെങ്ങിൻചുവട്ടിൽ ജോൺസൻ നിരാഹാരസമരം നടത്തിയിരുന്നു. ഡിഎഫ്ഒയുമായി ചർച്ച നടത്തി കുരങ്ങുകളെ പിടികൂടാൻ കൂട് സ്ഥാപിക്കാമെന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. കൂട് സ്ഥാപിച്ചതോടെ പതിനഞ്ചോളം കുരങ്ങുകൾ കുടുങ്ങിയിരുന്നു. ഇവയെ കാട്ടിലേക്കുതന്നെ തിരികെ വിടുകയാണുണ്ടായത്. അതുകൊണ്ടൊന്നും പ്രശ്നത്തിന് തെല്ലും കുറവുവന്നിട്ടില്ല. ഇപ്പോൾ മുറ്റത്തിറങ്ങിയാൽ തലയിൽ തേങ്ങയേറുകിട്ടുന്ന സ്ഥതിയാണെന്നും ജോൺസൻ പരാതിപ്പെടുന്നു.
ഓനിപ്പുഴയോരത്താണ് ജോൺസന്റെ വീട്. വനമേഖലയിൽനിന്ന് മരക്കൊമ്പുകളിലൂടെ പുഴയുടെ മറുകരയിലേക്ക് ചാടിയാണ് കുരങ്ങുകൾ കൃഷിയിടത്തിലേക്ക് എത്തുന്നത്. മരക്കൊമ്പുകൾ മുറിച്ചുമാറ്റണമെന്ന കർഷകരുടെ ദീർഘകാലമായുള്ള ആവശ്യത്തിനും നടപടിയുണ്ടായിട്ടില്ല. മലയണ്ണാനാണ് കരിക്ക് പറിച്ചെടുക്കുന്ന മറ്റൊരു ജീവി. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, മലമാൻ എന്നിവയെല്ലാം കൃഷിയിടത്തിലെത്തി കാർഷികവിളകൾ നശിപ്പിക്കുന്നുണ്ട്. ഇടിവിളക്കൃഷിയൊന്നും ചെയ്യാൻ പറ്റാതായി. പ്രദേശത്തെ കർഷകരെല്ലാം സമാനമായ വന്യമൃഗപ്രശ്നം നേരിടുന്നുണ്ട്. ജോൺസന്റെ പരാതിയെത്തുടർന്ന് കഴിഞ്ഞദിവസംപെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എ.സി. സുധീന്ദ്രനും പഞ്ചായത്തംഗം രാജേഷ് തറവട്ടത്തും ജോൺസന്റെ കൃഷിയിടം സന്ദർശിച്ചു.