പെൺസുഹൃത്തുമായി പിണങ്ങി; രണ്ടു തവണ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

news image
May 3, 2025, 1:59 pm GMT+0000 payyolionline.in

പാലക്കാട് :റെയിൽവേ ട്രാക്കിൽ തടി കയറ്റിവച്ച് രണ്ടു തവണ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച ഒഡീഷ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് റെയിൽവേ ജംക്‌ഷനിൽ നിന്ന് 5 കിലോമീറ്റർ അകലെ മലമ്പുഴ പന്നിമട ഭാഗത്തെ ട്രാക്കിലാണ് സംഭവം. രണ്ടു ട്രെയിനുകളിലെയും ലോക്കോപൈലറ്റുമാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് വൻദുരന്തം ഒഴിവായി. ഒഡീഷ ബെല്ലി ഫക്കേരി സ്വദേശി ബിനോദ മല്ലിക്കിനെ (22) മണിക്കൂറുകൾക്കുള്ളിൽ മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ട്രെയിൻ അട്ടിമറി ശ്രമത്തിനു റെയിൽവേ ആക്ട് പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തിയാണു കേസ്. ട്രാക്കിനു സമീപത്തെ ക്രഷർ യൂണിറ്റിലെ അതിഥിത്തൊഴിലാളിയാണു ബിനോദ മല്ലിക്ക്.പുലർച്ചെ 2.40നു കന്യാകുമാരി വിവേക് എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് 400 മീറ്റർ അകലെ നിന്ന് ആദ്യതവണ ട്രാക്കിൽ മരത്തടി കണ്ടെത്തിയത്. തുടർന്ന് ട്രെയിൻ നിർത്തി സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു.

ട്രെയിനിലെ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തടി നീക്കം ചെയ്ത് യാത്ര തുടർന്നു. 3.30 ന് ഗുഡ്സ് ട്രെയിനിലെ ലോക്കോപൈലറ്റും ട്രാക്കിൽ തടിയിരിക്കുന്നതു കണ്ടു ട്രെയിൻ നിർത്തി സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. ഇതോടെ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും ആർപിഎഫും ഇന്റലിജൻസ് ഉദ്യോഗസ്ഥരും മലമ്പുഴ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

തടി നീക്കം ചെയ്ത് 40 മിനിറ്റിനു ശേഷം ട്രെയിൻ യാത്ര തുടർന്നു. കാട്ടാനകൾ പോകുന്ന സ്ഥലമായിരുന്നതിനാൽ ഇതുവഴി വേഗം കുറച്ചാണു ട്രെയിനുകൾ പോകുന്നത്. ഇതു രക്ഷയായി. ട്രാക്കിനു സമീപത്തെ ക്രഷർ യൂണിറ്റിലെ അതിഥിത്തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണു പ്രതിയെക്കുറിച്ചു സൂചന കിട്ടിയത്. പെൺസുഹൃത്തുമായി പിണങ്ങിയതിന്റെ ദേഷ്യത്തിൽ മദ്യപിച്ചാണു കുറ്റം ചെയ്തെന്നാണു മൊഴി. പുലർച്ചെ രണ്ടോടെയാണു മരത്തടിവച്ചത്. ആദ്യശ്രമം വിഫലമായതിനാലാണ് രണ്ടാമതും ട്രാക്കിൽ തടി വച്ചതെന്നു പ്രതിയുടെ മൊഴിയിലുണ്ട്. 2020ലും ഇതേ ഭാഗത്തു ട്രാക്കിൽ കല്ലുകൾ കയറ്റിവച്ച് അട്ടിമറി ശ്രമം നടത്തിയിരുന്നു.

ആർപിഎഫ് ഉന്നതസംഘം അന്വേഷിക്കും
 ഈ വർഷം സംസ്ഥാനത്തു മൂന്നിടത്തു ട്രെയിൻ അട്ടിമറി ശ്രമം നടന്നതിനെക്കുറിച്ചു സമഗ്രാന്വേഷണം നടത്താൻ പ്രത്യേക ടീം രൂപീകരിച്ച് റെയിൽവേ സുരക്ഷാ സേന. ആർപിഎഫ് ഇന്റലിജൻസ് വിഭാഗവും അന്വേഷിക്കും. ഫെബ്രുവരി 23നു കൊല്ലത്തും മാർച്ച് ആറിനു തൃശൂരും ട്രാക്കിൽ ഇരുമ്പുതൂൺ കയറ്റിവച്ചു ട്രെയിൻ അട്ടിമറി ശ്രമം നടന്നിരുന്നു. രണ്ടു സംഭവങ്ങളിലും പ്രതികളെ അറസ്റ്റ് ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശോധന ശക്തമാക്കാനും സതേൺ റെയിൽവേ ജനറൽ മാനേജർ നിർദേശം നൽകി.

ട്രാക്കിലേക്ക് അതിക്രമിച്ചു കയറുന്ന ഭാഗങ്ങ അടയ്ക്കുന്നു
 പാലക്കാട് ∙ റെയിൽവേ ജംക്‌ഷനിൽ നിന്നു വാളയാർ വരെ ട്രാക്കിലേക്ക് ആളുകൾ അതിക്രമിച്ചു കയറാൻ സാധ്യതയുള്ള ഇടങ്ങൾ കെട്ടിയടയ്ക്കാൻ റെയിൽവേ തീരുമാനം. ഇന്നലെ മലമ്പുഴ പന്നിമട ഭാഗത്തു ട്രാക്കിൽ തടി കണ്ടെത്തിയ സംഭവത്തെ തുടർന്നാണു റെയിൽവേ ഡിവിഷനൽ മാനേജർ അരുൺ കുമാർ ചതുർവേദി നിർദേശം നൽകിയത്. പന്നിമട ഭാഗത്തു ട്രാക്ക് കടക്കാൻ ആളുകൾ അനധികൃതമായി വെട്ടിയ വഴി ഇരുമ്പു തൂണുകൾ വച്ച് അടച്ചു. ബാക്കിയുള്ള ഭാഗങ്ങൾ കണ്ടെത്തി അടയ്ക്കും. ഇതിനായി ഇന്നു പരിശോധന നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe