കോഴിക്കോട്: വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ വോട്ടർമാരുടെ നീണ്ട നിര യുഡിഎഫിന് അനുകൂലമായ തരംഗത്തിന്റെ സൂചനയാണെന്ന് പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 11-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഇത്തവണ കേരളം യുഡിഎഫ് ഭരിക്കുമെന്നും പേരാമ്പ്രയിൽ വലിയൊരു ചരിത്ര വിജയം കുറിക്കുമെന്നും തഹ്‌ലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നാടിന്റെ വികസനവും വളർച്ചയും മുൻനിർത്തിയാണ് തങ്ങൾ പ്രചാരണം നടത്തിയത്. എന്നാൽ എതിരാളികൾ നടത്തിയ ചില കുപ്രചാരണങ്ങൾ മണ്ഡലത്തിൽ വിലപ്പോയിട്ടില്ലെന്നും വോട്ടർമാരുടെ ആവേശം യുഡിഎഫിന് അനുകൂലമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് വേണ്ടി നടത്തിയ വിവാദ അനൗൺസ്‌മെന്റിൽ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സമുദായ വോട്ടുകളെ പരാമർശിച്ചുള്ള അനൗൺസ്‌മെന്റ് വർഗീയ ചേരിതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് യുഡിഎഫ് നൽകിയ പരാതിയിൽ ഫ്ലൈയിങ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. എന്നാൽ, ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ചട്ടലംഘനം നടന്നതായി സ്ഥിരീകരിക്കാനായില്ലെന്ന് വരണാധികാരി കൂടിയായ കളക്ടർ സ്നേഹിൽ കുമാർ സിങ് വ്യക്തമാക്കി.
