പേരാമ്പ്ര : കൂത്താളിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൂത്താളി സ്വദേശിനിയും 65 കാരിയുമായ പത്മാവതി അമ്മയെയാണ് മകൻ ലിജീഷ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പേരാമ്പ്ര കൂത്താളിയിൽ ഈ മാസം 5ന് മരിച്ച വീട്ടമ്മ പത്മാവതി അമ്മയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടതിനെത്തുടർന്നു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് സംഭവ ദിവസം പ്രതി പൊലീസിനോട് പറഞ്ഞത്. പേരാമ്പ്രയിലെ EMS ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റൽ വച്ചാണ് പത്മാവതി അമ്മ മരിച്ചത്. മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്ന് പ്രതിയെ തെളിവുകൾ നിരത്തി പേരാമ്പ്ര പൊലീസ് ചോദ്യം ചെയ്തപ്പോളാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. മദ്യപിച്ച് വീട്ടിൽ എത്തിയ പ്രതി, സ്വർണാഭരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ അമ്മയെ പൊതിരെ തല്ലുകയും, മാരകമായി പരുക്കേൽപ്പിക്കുകയുമായിരുന്നു. ഇടികൊണ്ട് തലയിൽ രക്തം കട്ടപിടിക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു