പേരാമ്പ്ര സംഘര്‍ഷം; പിരിച്ചു വിടാന്‍ നോട്ടീസ് കിട്ടിയ ആളെ വടകരയിൽ നിയമിച്ചതെന്തിന് ? അഭിലാഷ് ഡേവിഡിനെ വിടാതെ കോൺഗ്രസ്, ഡിജിപിക്ക് പരാതി നൽകും

news image
Oct 24, 2025, 7:54 am GMT+0000 payyolionline.in

പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എം പിയെ മര്‍ദിച്ചെന്ന് ആരോപണമുയര്‍ന്ന വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡിനെതിരെ കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കും. സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ നോട്ടീസ് ലഭിച്ച അഭിലാഷിനെ വടകര റൂറലില്‍ നിയമിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് യുഡിഎഫ് ആരോപണം. ഇന്നലെ പുറത്തു വിട്ട പുതിയ ദൃശ്യങ്ങളും തെളിവുകളും പാര്‍ലമെന്‍റ് പ്രിവിലേജ് കമ്മറ്റിക്ക് നല്‍കുമെന്ന് ഷാഫി പറമ്പിലും അറിയിച്ചിട്ടുണ്ട്. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചു. അഭിലാഷ് ഡേവിഡിനു പുറമേ സംഘര്‍ഷ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിവൈഎസ് പി ഹരിപ്രസാദിനെതിരെയും നടപടി ആവശ്യപ്പെട്ട് നാളെ വൈകിട്ട് യുഡിഎഫ് ആര്‍ എം പി പ്രവര്‍ത്തകര്‍ വടകര അഞ്ചു വിളക്കില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

 

ഷാഫി പറമ്പിലിന്റെ ആരോപണം

പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദ്ദിച്ചത് ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ കണക്കിലെടുത്ത് സേനയിൽ നിന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു എംപി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. നിലവിൽ വടകര കൺട്രോൾ റൂം ഇൻസ്പെക്ടറായ അഭിലാഷ് ഡേവിഡാണ് തന്നെ മർദ്ദിച്ചതെന്നാണ് ദൃശ്യങ്ങൾ സഹിതം ഷാഫി ആരോപിച്ചത്. അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി നേരത്തെ സിറ്റി പൊലിസ് കമ്മീഷണർ നാഗരാജു നോട്ടീസ് നൽകിയിരുന്നു. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസിൽ തിരിച്ചെടുത്തത്. ഗുണ്ടാ ബന്ധം ആരോപിച്ച് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള നടപടി തുടങ്ങിയെങ്കിലും സർക്കാർ ഇടപെടലിൽ പിന്നീട് ഇത് പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ഗുണ്ടാ, ക്രിമിനൽ ബന്ധങ്ങളും ലൈംഗികാധിക്രമ കേസ് അന്വേഷണത്തിലെ വീഴ്ചയും കണക്കിലെടുത്ത് 2023 ജനുവരിയിൽ സർവീസിൽ നിന്ന് പുറത്താക്കിയതായി തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ച അഭിലാഷ് സേനയിൽ തിരിച്ചെത്തിയത് രാഷ്ട്രീയ സംരക്ഷണയിലാണെന്നും തിരുവനന്തപുരത്തെ സിപിഎം ഓഫീസുകളിൽ ഇയാൾ നിത്യസന്ദർശകനാണെന്നുമാണ് ഷാഫി ആരോപിക്കുന്നത്. എന്നാല്‍ തന്നെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് വിശദീകരിച്ച അഭിലാഷ് ഡേവിഡ് താന്‍ ഷാഫിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രതികരിച്ചിരുന്നു. എന്നാല്‍ തന്‍റെ സിപിഎം പശ്ചാത്തലം അഭിലാഷ് നിഷേധിച്ചില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe