കോഴിക്കോട്: പൊലീസിനെതിരെ വിമർശനവും ആരോപണവും ഉയർന്ന പേരാമ്പ്ര സംഘർഷത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. പേരാമ്പ്ര പൊലീസ് ആണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രകടനത്തിനിടയിലെ സംഘർഷത്തിലാണ് പേരാമ്പ്ര പൊലീസിന്‍റെ നടപടി.
കഴിഞ്ഞ ദിവസം സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റ ദിവസത്തെ സംഘർഷത്തിലും സ്ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണത്തിലുമായി രണ്ട് കേസുകളാണ് പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം, ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ പങ്കെടുത്ത യു.ഡി.എഫ് പ്രതിഷേധ പ്രകടനം തടയുകയും ഗ്രനേഡും കണ്ണീർ വാതക ഷെല്ലും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് പൊലീസ് ആണെന്ന ആരോപണം ഡി.സി.സി ശക്തമാക്കി. ഗ്രനേഡും കണ്ണീർ വാതക ഷെല്ലും ഉപയോഗിക്കുമ്പോൾ സ്ഫോടനമുണ്ടാവുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് കണ്ണീർ വാതക ഷെൽ കൈയിൽ പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു.
യോഗസ്ഥലത്ത് വന്നില്ലായിരുന്നെങ്കില്‍ പൊലീസും സി.പി.എമ്മുകാരും കൂടി യു.ഡി.എഫ് പ്രവര്‍ത്തകരെ കൊല്ലുന്ന അവസ്ഥ ഉണ്ടാകുമായിരുന്നുവെന്നും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആരോപിച്ചു. സ്ഫോടക വസ്തു എറിഞ്ഞു എന്ന വ്യാജ പേരില്‍ അകാരണമായ അറസ്റ്റാണ് നടക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാനാണ് പൊലീസിന് എതിരായ തെളിവുകളടങ്ങിയ ആറ് ദൃശ്യങ്ങൾ പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.കെ.ജി കോളജിലെ യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് സി.പി.എം- യു.ഡി.എഫ് സംഘർഷത്തിലും തുടർന്ന് പൊലീസുമായുള്ള സംഘർഷത്തിലും കലാശിച്ചത്. പൊലീസ് നടത്തിയ ലാത്തിചാർജിലും കണ്ണീർവാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. പൊലീസ് ആക്രമണത്തിൽ തലക്കും മൂക്കിനും പരിക്കേറ്റ ഷാഫിയെ മൂന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ചത്തെ ആക്രമണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പേരാമ്പ്രയിൽ യു.ഡി.എഫ് ഹർത്താലായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി.കെ. പ്രമോദും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. വ്യാഴാഴ്ച പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും വി.കെ. പ്രമോദിനെതിരെയുള്ള കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും പേരാമ്പ്രയിൽ പ്രകടനം നടത്തി.
ആദ്യം നടന്ന സി.പി.എം പ്രകടനം മാർക്കറ്റ് പരിസരത്തു നിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പിന്നീട് വന്ന യു.ഡി.എഫ് പ്രകടനം ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. സ്റ്റാൻഡിൽ നിലയുറപ്പിച്ച സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമില്ലാതിരിക്കാനാണ് പൊലീസ് തടഞ്ഞത്.
എന്നാൽ, പിരിഞ്ഞു പോകാൻ യു.ഡി.എഫ് പ്രവർത്തകർ തയാറായില്ല. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ഈ സമയമാണ് ഷാഫി പറമ്പിലും കെ. പ്രവീൺ കുമാറും കെ.എം. അഭിജിത്തും എത്തുന്നത്. പിന്നീട് തുടർച്ചയായി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് പൊലീസ് ഷാഫിയെ കരുതികൂട്ടി ആക്രമിക്കുന്നത്.