കോഴിക്കോട്: ലഹരിമരുന്ന് കേസിൽ റിമാൻഡിലായ പ്രതി ചികിത്സക്കിടെ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ മിനിറ്റുകൾക്കുള്ളിൽ പ്രതിയെ നഗരത്തിൽ നിന്ന് പിടികൂടി. ബുധനാഴ്ച രാവിലെ കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവം.
ലഹരിമരുന്ന് കേസിൽ പിടികൂടി കോടതി റിമാൻഡ് ചെയ്ത കല്ലായി കെടി ഹൗസിൽ ഷഹരീഷാണ്(30) പൊലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
പല്ലുവേദനയും തലവേദനയും പറഞ്ഞതോടെ പ്രതിയെ ജയിലിൽ നിന്ന് സിറ്റി ഡി.എച്ച്.ക്യൂ പൊലീസ് സുരക്ഷയിൽ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. പരിശോധന മുറിയിൽ നിന്ന് തിരിച്ച് വരുന്നതിനിടെ പ്രതി പൊലീസുകാരെ തള്ളിമാറ്റി ഓടുകയായിരുന്നു.
സുരക്ഷാ ഡ്യൂട്ടിയിലുള്ള അഭിത്ത് ലാൽ, അഭിജിത് എന്നിവർ പിന്നാലെ ഓടി ടഗോർ ഹാളിന് സമീപത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി. ഓട്ടത്തിനിടയിൽ വീണ് ഒരു പൊലീസുകാരന് പരിക്കേറ്റു.
കഴിഞ്ഞ മാസം ആറിന് എരഞ്ഞിപ്പാലം മിനി ബൈപാസിനു സമീപം ആദായ നികുതി ഓഫിസ് റോഡിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നാണ് 25 ഗ്രാം എം.ഡി.എയുമായി പ്രതിയെ നടക്കാവ് പൊലീസ് പിടികൂടുന്നത്. ദുബൈയിൽ ജോലി ചെയ്തിരുന്ന ഷഹരീഷിനെ എം.ഡി.എം.എ കൈവശം വച്ചതിനെ തുടർന്നു ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 17 മാസം ജയിൽവാസം അനുഭവിച്ച് നാട്ടിലെത്തിയ ശേഷമാണ് മറ്റൊരു കേസിൽ നാട്ടിൽ പിടിയിലാകുന്നത്.
