തലശ്ശേരി: ഫസൽ വധക്കേസിലെ തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ റിപ്പോർട്ട് തേടി കൊച്ചി സിബിഐ കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയോടാണ് റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.സിജെഎം കോടതിയുടെ കസ്റ്റഡിയിൽ നിന്നാണ് രക്തംപുരണ്ട തൂവാല കാണാതായത്. എലി കൊണ്ടുപോയെന്നാണ് തൂവാല ഉണ്ടായിരുന്ന കവറിൽ എഴുതിയിരുന്നത്. എന്നാൽ ഫോറൻസിക് റിപ്പോർട്ട് തെളിവായി കോടതി അംഗീകരിച്ചതിനാൽ തൂവാല നഷ്ടമായത് പ്രശ്നമല്ലെന്നാണ് സിബിഐയുടെ നിലപാട്.
തലശ്ശേരി ഫസൽ വധക്കേസിലെ നിർണായക തെളിവാണ് രക്തംപുരണ്ട തൂവാല. ധർമ്മടം-അണ്ടല്ലൂർ ഭാഗത്ത് ആർഎസ്എസ് പ്രവർത്തകരുടെ വീടിന് സമീപത്ത് നിന്നായിരുന്നു തൂവാല ലഭിച്ചത്. കൊലയുടെ ഉത്തരവാദിത്തം ആർഎസ്എസ് പ്രവർത്തകരിലേക്ക് എത്തിക്കാനായി ഗൂഢാലോചന നടത്തിയതിന്റെ തെളിവാണ് രക്തംപുരണ്ട തൂവാലയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
മെയ് 12ന് ഹർജി പരിഗണിക്കവേ തൊണ്ടിമുതലായ ഈ തൂവാല ഹാജരാക്കാൻ സിബിഐ ആവശ്യപ്പെടുകയായിരുന്നു. എറണാകുളം സിജെഎം കോടതിയിൽ സൂക്ഷിച്ച തൂവാലയടങ്ങിയ സീൽ വെച്ച കവർ പ്രത്യേക സിബിഐ കോടതിയിൽ എത്തിച്ചപ്പോഴാണ് തൂവാല കാണാതായത് മനസിലാകുന്നത്. കവറിന് മുകളിൽ ‘തൂവാല കാണുന്നില്ലെന്നും എലി കരണ്ട് കൊണ്ടുപോയി’ എന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു. കേസ് അട്ടിമറിക്കാൻ തൂവാല ആസൂത്രിതമായി എടുത്ത് മാറ്റിയെന്നാണ് സിബിഐ ആരോപിക്കുന്നത്.
2006 ഒക്ടോബർ 22നാണ് എൻഡിഎഫ് പ്രവർത്തകനായ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ടത്. സിപിഐഎം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. തലശ്ശേരി എംഎൽഎ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി തുടങ്ങി എട്ട് പേരാണ് കേസിലെ പ്രതികൾ.
