പത്തനംതിട്ട: പത്തനംതിട്ടയിൽ അറസ്റ്റിലായ ഹാക്കറുടെ ഹാക്കിങ്ങ് വീഡിയോകൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസ് പൊലീസിന്റെ പിടിയിലായത്. ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ചോർത്തി നൽകുന്നത് സംബന്ധിച്ച സുപ്രധാനമായ വീഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏത് രാജ്യത്തുള്ള ആളുടെ വിവരങ്ങളും നിഷ്പ്രയാസം ചോർത്തി നൽകുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. വീഡിയോ കോൾ ചെയ്യുന്ന ആളുടെ കൃത്യസ്ഥലവും മുറിയുടെ ചിത്രം വരെ ഹാക്ക് ചെയ്തെടുക്കും. ഹാക്കിങ്ങിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സോഷ്യൽ മീഡിയ വഴി പരസ്യവും ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്.
ഹൈദരാബാദിലുള്ള സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുടെ ഏജൻ്റായിട്ടായിരുന്നു ജോയൽ പ്രവർത്തിച്ചിരുന്നത്. ഫോൺവിളി രേഖകൾ ചോർത്താൻ ഇയാളെ കൂടുതലും സമീപിച്ചത് കമിതാക്കൾ ആയിരുന്നു. ഒരു ഫോൺ നമ്പർ നൽകിയാൽ ഫോൺവിളി രേഖകളെല്ലാം ചോർത്തി നൽകും. ലൊക്കേഷനും രഹസ്യ പാസ് വേർഡുകളും കണ്ടെത്തും. ഹാക്കിങ് മേഖലയിൽ വിരുതനായ ജോയലിന്റെ വിദ്യകൾ കേരള പൊലീസിനെ പോലും ഞെട്ടിക്കുന്ന വിധമുള്ളതായിരുന്നു. 23കാരനായ ജോയലിനെ വലയിലാക്കിയത് കേന്ദ്ര ഏജൻസികളാണ്. തുടർന്ന് പത്തനംതിട്ട പൊലീസിൽ വിവരം എത്തുകയും ജോയലിനെ പിടികൂടുകയുമായിരുന്നു. എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ജോയലിനെ പിടികൂടിയത്.
