ബാങ്ക് ജോലികള്‍ക്കുള്ള സിബില്‍ സ്കോര്‍ നിബന്ധന കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തു. ദേശസാല്‍കൃത ബാങ്ക് ജോലികള്‍ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 650 സിബില്‍ സ്കോര്‍ വേണമെന്ന മുന്‍ നിബന്ധന നിര്‍ത്തലാക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. എങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആരോഗ്യകരമായ ക്രഡിറ്റ് സ്കോര്‍ നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
ക്രെഡിറ്റ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍, അക്കൗണ്ടുകള്‍ക്ക് കുടിശ്ശികയില്ലെന്ന് സ്ഥിരീകരിക്കുന്ന അപ്ഡേറ്റ് ചെയ്ത ക്രെഡിറ്റ് റെക്കോര്‍ഡുകളോ എന്‍ഒസിയോ നല്‍കണം. ഇത് പാലിക്കാത്തവരുടെ നിയമനങ്ങളെ ബാധിക്കുമെന്നും അന്തിമ തീരുമാനം ബാങ്കുകളേതാണെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.രാജ്യത്ത് പൊതുമേഖലാ ബാങ്കുകളിലാകെ നിലവിൽ രണ്ടുലക്ഷത്തിലധികം ഒഴിവുകളാണുള്ളത്. വർഷങ്ങളായി പരിമിതമായ നിയമനങ്ങളാണ് നടക്കുന്നത്. ഓഫീസ് അസിസ്റ്റന്റ്, പ്യൂൺ തസ്തികളിൽ നിയമനം നടക്കുന്നുമില്ല.