ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുരാരി തന്ത്രി പുത്തൂർ പോലീസിന്റെ പിടിയിലായി. പുത്തൂർ വേണ്ടാർ സ്വദേശി രാജൻ ബാബു എന്ന മുരാരി തന്ത്രിയെയാണ് ഭരണിക്കാവിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ജ്യോത്സ്യനെ കാണാനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. പൂജയുടെ ഭാഗമായി ബാധയൊഴിപ്പിക്കാനെന്ന പേരിൽ അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുറിയിൽ വെച്ച് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും പ്രതി വീടിന്റെ പിൻവാതിലിലൂടെ കടന്നുകളഞ്ഞു. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയിൽ പുത്തൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാൾ ഒളിവിൽ പോയത്. സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ ഭരണിക്കാവിൽ വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
