തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികളെ തിരഞ്ഞ് പൊലീസ്. ബാലരാമപുരം മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ടാക്സി സർവീസ് നടത്തുന്ന ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ ക്ഷേത്രത്തിലേക്ക് സ്ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഈ ദൃശ്യങ്ങൾ സഹിതം മംഗലത്തുകോണം കാട്ടുനട ക്ഷേത്ര ഭരണസമിതി ബാലരാമപുരം പൊലീസിൽ പരാതി നൽകി.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ഓട്ടോയിലെത്തിയ പ്രതികൾ ക്ഷേത്രത്തിൻ്റെ പുതിയ നടപ്പന്തലിന് സമീപം കാണിക്ക വഞ്ചിക്ക് മുന്നിലേക്കാണ് ആദ്യം സ്ഫോടക വസ്തു എറിഞ്ഞത്. എന്നാൽ ഇത് പൊട്ടിയില്ല. ഇത് തിരിച്ചറിഞ്ഞ പ്രതികൾ വാഹനത്തിൽ തിരികെ വന്നു. തുടർന്ന് വീണ്ടും സ്ഫോടകവസ്‌തു എറിയുകയായിരുന്നു. ഇതിൻ്റെ മുഴുവൻ ദൃശ്യവും സിസിടിവിയിൽ പതിഞ്ഞു. ഇത് മുഴുവനായും പൊലീസിന് കൈമാറിയിട്ടുണ്ട്.
സ്ഥലത്ത് സംഘർഷമുണ്ടാക്കാൻ ബോധപൂർവം നടത്തിയ ആക്രമണമാണോ ഇതെന്ന സംശയം പൊലീസിനുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ ഓട്ടോറിക്ഷയുടെ ഉടമയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനാണ് ശ്രമം. എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബാലരാമപുരം പൊലീസ് അറിയിച്ചു.
