കാക്കനാട്: ബുള്ളറ്റിന്റെ ശബ്ദം കൂട്ടാൻ പുകക്കുഴലിൽ സൂത്രപ്പണി ചെയ്യുന്നവർക്കെതിരേ നടപടി കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. മോട്ടോർവാഹന നിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പടെ നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.
മലിനീകരണ നിയന്ത്രണം സംബന്ധിച്ച ഭാരത് സ്റ്റേജ്-4 (ബിഎസ് -4) ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ മിക്ക കൂട്ടിച്ചേർക്കലകളും. ശബ്ദം കൂട്ടാനായി പുകക്കുഴലിലെ കാറ്റലിറ്റിക് കൺവെർട്ടർ അഴിച്ചുമാറ്റുന്നത് ഗുരുതരമായ മലിനീകരണമാണ്ടാക്കുക. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ നിരവധി പേരാണ് വാഹനവകുപ്പിന്റെ വലയിൽ ബുള്ളറ്റുമായി വീണത്.
7,000 രൂപ പിഴ ചുമത്തിയശേഷം ഒരാഴ്ചക്കുള്ളിൽ സൈലൻസറുകൾ മാറ്റി ആർടി ഓഫീസിൽ വാഹനം ഹാജരാക്കാനും അധികൃതർ നിർദേശം നൽകി. റെഡ് റുസ്സർ, ടൈൽ ഗണ്ണർ, വൈൽഡ് ബോർ, ഇൻഡോരി, ബാരൽ, ഷാർക്ക്, മെഗാ ഫോൺ, ബഡാ പഞ്ചാബി തുടങ്ങിയ സൈലൻസറുകളാണ് യുവാക്കൾ ഇരുചക്രവാഹനത്തിൽ ശബ്ദം കൂട്ടാനായി ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ആളുകളുടെ ശ്രദ്ധ ആകർഷിക്കുക മാത്രമാണ് പലരുടെയും ആവശ്യം.
