ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചു; പെരിന്തൽമണ്ണ സബ് ജയിലിന് മുന്നിൽ നിന്ന് ഓടിരക്ഷപ്പെട്ട ലഹരിക്കേസ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടി-വീഡിയോ

news image
Jun 13, 2026, 4:14 am GMT+0000 payyolionline.in

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് ജയിലിന് മുന്നിലെ ഹോട്ടലിൽ വെച്ച് പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി ഓടിരക്ഷപ്പെട്ട ലഹരിക്കേസ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. 19 ഗ്രാം എം.ഡി.എം.എ.യുമായി കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി അമീറാണ് പോലീസിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ശേഷം വീണ്ടും പിടിയിലായത്.

ഇന്നലെ വൈകിട്ട് പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യാൻ കൊണ്ടുവന്നതായിരുന്നു. ജയിലിൽ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പ്, തൊട്ടടുത്തുള്ള ഹോട്ടലിൽ കയറി പ്രതിക്ക് ഭക്ഷണം നൽകാൻ പോലീസ് തീരുമാനിച്ചു. ഭക്ഷണം കഴിക്കുന്നതിനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചുമാറ്റിയ തക്കം നോക്കി അമീർ പോലീസിനെ തള്ളിമാറ്റി പുറത്തേക്ക് ഓടുകയായിരുന്നു.

കൈവിലങ്ങുമായി ഓടിയ പ്രതിക്ക് പിന്നാലെ പോലീസുകാർ ഓടിയെങ്കിലും ആദ്യഘട്ടത്തിൽ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കായി കൊണ്ടോട്ടി പോലീസും പെരിന്തൽമണ്ണ പോലീസും ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ നീണ്ട തീവ്രശ്രമത്തിനൊടുവിൽ പ്രതിയെ പോലീസ് സാഹസികമായി മൽപ്പിടുത്തത്തിലൂടെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe