കൊച്ചി : ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നുള്ള നഷ്ടപരിഹാരം, പുനർവിവാഹിതയാണെന്നും ജോലിയുണ്ടെന്നുമുള്ള കാരണങ്ങളാൽ ഭാര്യയ്ക്കു നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. പുനർവിവാഹത്തിന്റെ പേരിൽ നഷ്ടപരിഹാരം നിഷേധിച്ചാൽ വിധവകളുടെ പുനർവിവാഹത്തെ കോടതി നിരുത്സാഹപ്പെടുത്തുന്നതു പോലെയാകുമെന്നും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ചൂണ്ടിക്കാട്ടി. ആശ്രിത എന്ന നിലയിലുള്ള നഷ്ടപരിഹാരം മോട്ടർ വാഹന ട്രൈബ്യൂണൽ നിഷേധിച്ചതിനെതിരെ യുവതി നൽകിയ ഹർജി അനുവദിച്ചാണു ഹൈക്കോടതി ഉത്തരവ്. നഷ്ടപരിഹാരമായി 4.60 ലക്ഷം രൂപ മാത്രം അനുവദിച്ചത് 16.25 ലക്ഷമായി കോടതി വർധിപ്പിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണു ഹർജി നൽകിയത്.
ഹർജിക്കാരിയുടെ ഭർത്താവ് 2009 ജൂണിൽ വാഹനാപകടത്തിൽ മരിച്ചു. 2011ൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചു. പിന്നീടായിരുന്നു രണ്ടാം വിവാഹം. ഭർത്താവ് അപകടത്തിൽ മരിക്കുമ്പോൾ ഹർജിക്കാരിക്കു ജോലി ഉണ്ടായിരുന്നതും തുടർന്നു സർക്കാർ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചതും ആശ്രിത എന്ന നിലയിലുള്ള നഷ്ടപരിഹാരത്തിനുളള അർഹത ഇല്ലാതാക്കി എന്നായിരുന്നു ട്രൈബ്യൂണലിന്റെ നിലപാട്.എന്നാൽ അപകടം മരണം നടന്ന തീയതിയാണു നഷ്ടപരിഹാരം തീരുമാനിക്കുന്നതിൽ ആധാരമാക്കുന്നതെന്നും അതിനുശേഷമുള്ള പ്രവൃത്തികൾ നഷ്ടപരിഹാരത്തിന് അനർഹയാക്കുന്നില്ലെന്നും കോടതി പറഞ്ഞു. അപകട സമയത്തു ജോലിയുള്ളതിന്റെ പേരിൽ ആശ്രിത എന്ന പേരിലുള്ള നഷ്ടപരിഹാരം ഇല്ലാതാക്കുന്നില്ല. ഭർത്താവ് മരിച്ചതിനാലാണു പുനർവിവാഹം ചെയ്തത്. വളരെ ചെറുപ്രായത്തിൽ ഭർത്താവ് മരിച്ച സ്ത്രീക്കു ജോലിയുണ്ടായിരുന്നു എന്നതിന്റെ പേരിൽ ആശ്രിത നഷ്ടപരിഹാരം നിഷേധിച്ച ട്രൈബ്യൂണൽ നടപടി ന്യായീകരിക്കാനാകാത്തതാണെന്നും കോടതി പറഞ്ഞു.
