ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് യു പ്രതിഭയുടെ തീരുമാനം. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മകനെ അപമാനിച്ചുവെന്നാണ് ആരോപണം. ഇതിനായി ജില്ലാ കമ്മിറ്റിയില്‍ യു പ്രതിഭ പാര്‍ട്ടിയുടെ അനുമതി തേടി. അതേസമയം ജില്ലാ നേതൃത്വം ഇതിന് മറുപടി നല്‍കിയില്ല.
അമ്പലപ്പുഴ എംഎല്‍എയും പ്രോടേം സ്പീക്കറുമായ ജി സുധാകരനെതിരെയും യു പ്രതിഭ രംഗത്തെത്തി. കായംകുളത്ത് തന്നെ തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന് പലരെയും ഫോണില്‍ വിളിച്ചതായി യു പ്രതിഭ പറഞ്ഞു. അമ്പലപ്പുഴയിലും ജി സുധാകരന് ഇതേ പണി ചെയ്തു. ഇയാള്‍ എന്താ കുട്ടിച്ചാത്തന് ആണോ എന്ന് യു പ്രതിഭ ചോദിച്ചു. 2021ല്‍ ജി സുധാകരന് സ്ഥാനാര്‍ത്ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. എന്നിട്ടും പാര്‍ട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവെച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരന് തന്നതെന്നും യു പ്രതിഭ വിമര്‍ശിച്ചു. ജില്ലാ കമ്മിറ്റിയില്‍ തന്നെയായിരുന്നു ഇക്കാര്യവും പ്രതിഭ ഉന്നയിച്ചത്.
വെള്ളാപ്പള്ളി നടേശനെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വെളളാപ്പളളി നടേശന്റെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്നും വെളളാപ്പളളിയെ തിരുത്താതെയുളള കൂട്ടുകെട്ട് ഇടതുപക്ഷത്തെ തകര്‍ച്ചയില്‍ എത്തിക്കുമെന്നുമാണ് വിമര്‍ശനമുയര്‍ന്നത്. വെളളാപ്പളളി നടേശനുമായുളള കൂട്ടുകെട്ട് തുടര്‍ന്നത് പാര്‍ട്ടിയുടെ മതനിരപേക്ഷതക്ക് മങ്ങലേല്‍പ്പിച്ചുവെന്നും വെളളാപ്പളളിയുടെ നിലപാടുകള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ ഈ തിരിച്ചടി പ്രകടമായിരുന്നു എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ വിജയിപ്പിക്കാന്‍ വെളളാപ്പളളി ശ്രമിച്ചു. പിണറായി വിജയന് മറുപടി നല്കാത്തതുകൊണ്ട് മറ്റ് നേതാക്കളും മൗനം പാലിച്ചു. വെളളാപ്പളളിയെ തിരുത്താതെയുളള കൂട്ടുകെട്ട് ഇടതുപക്ഷത്തെ തകര്‍ച്ചയില്‍ എത്തിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
