കോട്ടയം: മണര്‍കാടില്‍ ആഭിചാര ക്രിയയുടെ പേരിൽ നവവധു ഏൽക്കേണ്ടി വന്നത് പ്രാകൃതരീതിയിലുള്ള ഉപദ്രവങ്ങൾ. യുവതി തന്നെയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തകരോട് പങ്കുവെച്ചത്.
ദേഹത്ത് മരിച്ചുപോയ ബന്ധുവിന്റെ ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു ആഭിചാരമെന്ന് യുവതി പറയുന്നു. ആഭിചാരത്തിനിടെ മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ചെയ്തു. മുടിയില്‍ ആണിവെച്ച് കെട്ടിവെച്ചുവെന്നും ഇതിനിടെ ബോധം നഷ്ടമായെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുൻപാണ് പെൺകുട്ടി അഖിൽ ദാസ് എന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്.
ഈ മാസം രണ്ടാം തിയതിയാണ് ഭർത്താവിന്റെ വീട്ടിൽ വച്ച് ആഭിചാര ക്രിയ നടത്തിയത്. മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവ് യുവതിയുടെ ശരീരത്തിലുണ്ടെന്ന് പറഞ്ഞായിരുന്നു ക്രൂരത.
‘അമ്മയുടെ ചേച്ചി മരിച്ചിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. അവരുടെ ബാധ ഏന്റെ ദേഹത്ത് ഉണ്ടെന്ന് പറഞ്ഞാണ് ആഭിചാരത്തിനായി ഒരാളെ ഭർത്താവിന്റെ വീട്ടുകാര്‍ കൊണ്ടുവന്നത്. ഭർത്താവിനും എനിക്കും ഇടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ബാധ കയറിയിട്ടാണ് എന്നാണ് ഭർത്താവിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഒരു മന്ത്രവാദിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കവടി നിരത്തുന്നതിന് പകരം ബാത്ത്റൂമില്‍ ഇടുന്ന ടെയിലാണ് അയാള്‍ നിരത്തി വെച്ചിരുന്നത്. പിന്നെ എന്തോക്കെയോ മന്ത്രങ്ങള്‍ പറയുന്നുണ്ടായിരുന്നു. പൂജ നടന്നത് 11 മണിക്കാണ്. ബോധം പോയത് 12 മണിക്കാണ്. രണ്ടുമണിക്കാണ് എനിക്ക് ബോധം വന്നത്.’ യുവതി പറഞ്ഞു.
യുവതിയുടെ പിതാവിന്റെ പരാതിയിൽ ഭര്‍ത്താവ് മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55), പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ കുട്ടന്റെ മകന് ശിവദാസ് (54) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ അഖിദാസിന്റെ അമ്മയും സഹോദരിയും കേസിൽ പ്രതികളാണ്. ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, 30 വര്‍ഷം മുമ്പ് ഊരാളികളില്‍ നിന്നുമാണ് ആഭിചാരക്രിയകള്‍ പഠിച്ചതെന്ന് ശിവദാസ് പൊലീസിന് മൊഴി നൽകി. മൂന്നുവര്‍ഷമായി പത്തനംതിട്ട ജില്ലയില്‍ ഇത്തരം പ്രവര്‍ത്തികള്‍ സജീവമായി ചെയ്തുവരുന്നതായും പൊലീസ് പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവ് അഖില്‍ദാസിന്റ മാതാവ് സൗമിനി സ്ഥിരമായി ശിവദാസിന്റെ അടുത്ത് പോകുമായിരുന്നു. സൗമിനി കടുത്ത വിശ്വാസിയായിരുന്നു. ആഭിചാര ക്രിയകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ദൈവകോപമുണ്ടാകുമെന്ന് സൗമിനി യുവതിയെ പറഞ്ഞുവിശ്വസിപ്പിരുന്നു
ആഭിചാരക്രിയകള്‍ അഖില്‍ദാസിന്റെ സഹോദരി വിഡിയോ ചിത്രീകരിച്ചു. വിഡിയോയിൽ നിന്നും യുവതി അനുഭവിച്ച ക്രൂരതകൾ വെളിവായിട്ടുണ്ട്. ഇത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗമിനിയും അഖിലിന്റെ സഹോദരിയും ഒളിവിലാണ്. സൗമിനിക്കും സഹോദരിക്കുമായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഈ മാസം രണ്ടാം തീയതി പകൽ 11 മണി മുതൽ രാത്രി ഒൻപത് മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാര ക്രിയകൾ നടന്നതായാണ് വിവരം. മണിക്കൂറുകളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനാണ് യുവതി ഇരയായത്. ചടങ്ങുകള്‍ കഴിഞ്ഞതോടെ യുവതിയുടെ മാനസികനില തകരാറിലായി. മര്‍ദ്ദന വിവരമറിഞ്ഞ് പിതാവ് വീട്ടിലെത്തിയിരുന്നുവെങ്കിലും യുവതിയെ പറഞ്ഞ് വിട്ടിരുന്നില്ല. പിന്നാലെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ശിവദാസിനെയും അഖില്‍ദാസിനെയും പിതാവ് ദാസിനെയും കഴിഞ്ഞ ദിവസം മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
