കോഴിക്കോട്: പുതുവത്സര ആഘോഷ പരിപാടിയിൽ മദ്യം വിളമ്പുന്നത് സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്തതിന് എക്സൈസ് കേസെടുത്തു. പരിപാടിയുടെ സംഘാടകൻ പുതിയറ സ്വദേശി പി.ബി. രഞ്ജിത്തിനെതിരെയാണ് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജു അബ്കാരി കേസ് എടുത്തത്.
കോഴിക്കോട് മിനി ബൈപ്പാസിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഈ മാസം 31ന് ‘മിഡ്നൈറ്റ് ഫ്രീക്വൻസി’ എന്ന പേരിൽ നടത്തുന്ന പുതുവത്സര ആഘോഷ പരിപാടിയിൽ മദ്യം വിളമ്പുന്നതിന് ഒരു ദിവസത്തെ ലൈസൻസിനായി ഇദ്ദേഹം എക്സൈസിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൻമേൽ നടത്തിയ അന്വേഷണത്തിലാണ് മദ്യം നൽകുന്നത് സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ പരസ്യം നൽകിയതായി കണ്ടെത്തിയത്.
